ഹരിപ്പാട്: ഹരിപ്പാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിക്കുന്ന മുപ്പതാമത് വീടിന് ഇന്നലെ തറക്കല്ലിട്ടു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് അമ്പാടിയിൽ അതുൽ, ഭാര്യ അമൃത, മൂന്നു മക്കൾ അടങ്ങിയ കുടുംബത്തിനാണ് വീടുവച്ചു നൽകുന്നത്.
തൃക്കുന്നപ്പുഴ പാലത്തിനു സമീപം പുറമ്പോക്കിൽ ഏറെക്കാലമായി പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച രണ്ടു മുറിക്കുള്ളിൽ ആണ് ഈ കുടുംബം താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ഇവരുടെ വീടിനുള്ളിൽ വെള്ളം കയറുകയും ടിവിയും മൊബൈലും നശിക്കുകയും ചെയ്തു.
ഇതു മൂലം കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസം തടസപ്പെട്ടു. ഈ കുട്ടികൾക്കുള്ള മൊബൈൽ നല്കാനായി ആണ് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ ഡേവിഡ് വീട്ടിലെത്തുന്നത്. വീടിന്റെ ദയനീയ അവസ്ഥ കണ്ട ഉടൻതന്നെ വീട് നിർമിക്കാൻ ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.
നാടൻപാട്ട് കലാകാരൻ ആയ അതുലിനു കോവിഡ് മൂലം ഒന്നരവർഷമായി പരിപാടികൾ ഒന്നും തന്നെ ലഭിക്കുന്നില്ല. പെയിന്റിംഗിനു പോയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ ഈ വരുമാനവും ഇല്ലാതായി. ഇതോടെ കുടുംബത്തിന്റെ അവസ്ഥ കൂടുതൽ ദയനീയമായി.
പ്ലസ് വണ്ണിന് പഠിക്കുന്ന മകളും 9,7 ക്ലാസുകളിൽ പഠിക്കുന്ന മറ്റു രണ്ടു മക്കളുടെയും വിദ്യാഭ്യാസ ചെലവുകൾ കൂടി വന്നതോടെ വീട് എന്ന സ്വപ്നം ഉപേക്ഷിച്ചു കഴിയുകയായിരുന്നു ഈ കുടുംബം. അപ്പോഴാണ് കരുതൽ കൂട്ടായ്മ ഇവർക്ക് സഹായവുമായി എത്തിയത് .
തൃക്കുന്നപ്പുഴ എംടി യുപിഎസ് മുൻ പ്രധാനാധ്യാപകനായ ജെ ജോർജ് ആണ് വീടിന് തറക്കല്ലിട്ടത്. തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീലാൽ തൃക്കുന്നപ്പുഴ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്മിണി ടീച്ചർ, സുജിത്ത്, സിയാർ, കരുതൽ ട്രസ്റ്റ് ചെയർമാൻ ഷാജി കെ ഡേവിഡ്, ലല്ലു ജോൺ, അനീഷ്, സുഭാഷ് പിള്ള കടവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾ എല്ലാം തന്നെ തങ്ങളുടെ ഒരു മാസത്തെ ഓണറേറിയം വീട് നിർമ്മാണത്തിനായി സംഭാവന ചെയ്യുകയും ചെയ്തു.