ചിങ്ങവനം: റബർ തോട്ടത്തിനു നടുവിൽ മൊബൈൽ ടവറിൽ നിന്നും വിദ്യാർഥി വീണ് മരിക്കാനിടയായ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
കുറിച്ചി എസ്പുരം പുത്തൻപറന്പിൽ വിനയന്റെ മകൻ അതുൽ(18) ആണ് ഇന്നലെ വൈകുന്നേരം പൂവൻതുരുത്ത് ശവക്കോട്ടയ്ക്ക് സമീപമുള്ള മൊബൈൽ ടവറിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ടവറിനു മുകളിൽ നിന്നും ഇയാൾ ചാടി മരിച്ചതാണെന്ന് സംശയിക്കുന്നതായി ഈസ്റ്റ് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി 9.30ന് റബർ തോട്ടത്തിന് അരികിലുള്ള വഴിയിൽ നിന്ന സമീപവാസികൾ തോട്ടത്തിനുള്ളിൽ നിന്നും അലർച്ച കേട്ടു പരിശോധന നടത്തിയതോടെയാണ് അതുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ടവറിൽ നിന്നും താഴേക്ക് പതിച്ചപ്പോൾ പേടിച്ച് അലറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രാത്രിയിൽ ആരും കടന്നു ചെല്ലാത്ത റബർ തോട്ടത്തിൽ അതുൽ എത്താനുണ്ടായ കാരണവും മൊബൈൽ ടവറിൽ നിന്നും ചാടാനുണ്ടായ സാഹചര്യവുമാണ് പോലീസ് അന്വേഷിക്കുന്നത്.
ഡിഗ്രി വിദ്യാർഥിയായ അതുൽ കോളജ് അവധിയായതോടെയാണ് പൂവൻതുരുത്തിൽ റബർ മാറ്റ് കന്പനിയിൽ ജോലിയ്ക്കു പോയി തുടങ്ങിയത്. ഇയാൾ വൈകുന്നേരം കൂട്ടുകാരുമായി പൂവൻതുരുത്തിലെ വെയ്റ്റിംഗ് ഷെഡിൽ ഇരിക്കുന്നത് ആളുകൾ കണ്ടിരുന്നു.
തുടർന്ന് കൈയ്യിലുണ്ടായിരുന്ന ഫോണ് കൂട്ടുകാരെ ഏൽപിച്ച് പോവുകയായിരുന്നു. കാണാതായ അതുലിനായി തെരച്ചിൽ നടക്കുന്നതിനിടെ പ്ലാമ്മൂട് ശവക്കോട്ടയ്ക്ക് സമീപം മൃതദേഹം കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.
പിന്നീട് ബന്ധുക്കൾ എത്തി അതുൽ തന്നെയെന്ന് സ്ഥീരീകരിക്കുകയായിരുന്നു. യുവാവിന്റെ മരണ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.