മാവേലിക്കര: ചെട്ടികുളങ്ങരയിൽ വീട്ടാവശ്യത്തിനായി സൈക്കിളിൽ പോയ പതിനഞ്ചുകാരിയെ പിന്നാലെ ചെന്ന് കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും കടവൂരിലുള്ള സ്കൂൾ വളപ്പിൽ കയറി വിദ്യാർഥിനികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പെരുന്തുറ വില്ലേജിൽ ചെന്നിത്തല കിഴക്കേവഴിമുറി അതുൽ ഭവനത്തിൽ അതുൽ രമേശ് (24) ആണ് അറസ്റ്റിലായത്.
ഡിസംബർ 12നാണ് രണ്ടു സംഭവങ്ങളുമുണ്ടായത്. പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ രാവിലെ ഏഴരയോടെ ഇയാൾ തടഞ്ഞു നിർത്തി, പുറത്തു പഴുതാരയുണ്ടെന്നു പറഞ്ഞ് കടന്നു പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് ഒൻപതരയോടെയാണ് കടവൂരിലുള്ള സ്കൂളിൽ കയറി വിദ്യാർഥിനികളെ ആക്രമിച്ചത്. ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മാവേലിക്കര എസ്ഐ സി ശ്രീജിത്ത്, എഎസ്ഐ ബാബുക്കുട്ടൻ, സിപിഒ മാരായ സിനു വർഗീസ്, അമീൻ, ഗോപകുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.