പുന്നപ്ര: തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കരിമ്പാവളവ് കൂനായുടെ ചിറയിൽ മോനിച്ചൻ-റെജിമോൾ ദമ്പതികളുടെ മക്കളായ അതുല്യയ്ക്കും ആദിത്യനും ഇനി ഒാൺലൈൻ പഠനം മുടങ്ങില്ല.
സ്വന്തമായി ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതി ന്റെ പേരിൽ ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാ തെ വിഷമത്തിലായ ഇവരു ടെ ദുരവസ്ഥ ഇന്നലെ രാഷ്ട്രദീപികയാണ് പുറത്തു കൊണ്ടുവന്നത്.
വാർത്തയെത്തുടർന്ന് പുന്നപ്രയിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ ടീം നന്മ അതുല്യയ്ക്കും ആദിത്യനും പുതിയ ടിവിയും ഡിഷ് ആന്റിനയും കൈമാറി.
പുന്നപ്ര ജനമൈത്രി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. പ്രസാദ് അതുല്യയ്ക്കും ആദിത്യനും ടി വി കൈമാറി. പുന്നപ്ര അറവുകാട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അതുല്യ. വീട്ടിൽ ടിവിയോ ഇന്റർനെറ്റ് സംവിധാനമുള്ള മൊബൈൽ ഫോണോ ഇല്ലായിരുന്നു.
ഓൺലൈൻ പഠനം ആരംഭിച്ചതറിഞ്ഞ് പല വീടുകളിൽ പോയെങ്കിലും ക്ലാസുകൾ നടക്കുന്ന ചാനൽ ലഭ്യമല്ലാത്തതിനാൽ നിരാശയോടെ മടങ്ങേണ്ടിവന്നു. കർഷകത്തൊഴിലാളികളായ മാതാപിതാക്കൾക്ക് ടി വിയോ മൊബൈൽ ഫോണോ വാങ്ങാനുള്ള സാഹചര്യമില്ലായിരുന്നു. കഴിഞ്ഞ പ്രളയത്തിലാണ് ഇവരുടെ ടിവി നഷ്ടപ്പെട്ടത്.
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുവയ്ക്കാൻ നാലു ലക്ഷം രൂപ ലഭിച്ചെങ്കിലും നിർമാണം പൂർത്തിയാക്കാനായില്ല. അടച്ചുറപ്പില്ലാത്ത നിലവിലെ വീട്ടിൽ നല്ലൊരു ശുചിമുറി പോലുമില്ല. ഈ അവസ്ഥയിൽ മകളുടെ തുടർ പഠനത്തിലുള്ള ആശങ്കയിലായിരുന്നു കുടുംബം.
അതുല്യയുടെ സഹോദരൻ ആദിത്യൻ അറവുകാട് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ റെജിമോൾ മുൻ കായിക താരമാണ്. സ്കൂൾ കായികമേളയിൽ 100, 200 മീറ്റർ ഓട്ടത്തിലും ഷോട്പുട്ടിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
തുടർന്ന് തിരുവനന്തപുരം ജി ബി രാജ സ്പോർട്സ് സ്കൂളിലാണ് പഠിച്ചത്. എന്നാൽ പിതാവിന്റെ മരണത്തോടെ വിദ്യാഭ്യാസം നിർത്തിവച്ചു. ഒപ്പം സ്പോർട്സ് സ്കൂളിൽ പഠിച്ച പലർക്കും സർക്കാർ ജോലികിട്ടിയിട്ടും റെജിമോളെ വിധി തുണച്ചില്ല.
തന്റെ അവസ്ഥ മക്കൾക്കും ഉണ്ടാകുമോ എന്ന ആശങ്ക യിൽ കഴിയു ന്പോഴാണ് ഇവരെ തേടി ടീം നന്മയുടെ സഹായം എത്തിയത്. താമസയോഗ്യമല്ലാത്ത വീടിന്റെ പൂര്‍ത്തീകരണത്തിനും ശുചിമുറി ഒരുക്കുന്നതിനും വേണ്ട സഹായങ്ങളും ഈ കുടുംബത്തിനു നല്‍കുമെന്ന് ടീം നന്മയുടെ പ്രവര്‍ത്തകരായ നൂറുദ്ദീന്‍ ഹാഫിയത്ത്, സിറാജ് നന്തികാട്, ജോബ് ജോസഫ് എന്നിവര്‍ ഉറപ്പുനല്‍കി.