തോമസ് വർഗീസ്
സ്വന്തം വീട് ഒരു സ്വപ്നമായി ഇപ്പോഴും അവശേഷിക്കുന്ന ദേശീയ കായികതാരമാണ് പി.എ. അതുല്യ. സ്കൂൾ മീറ്റുകളിൽ ത്രോ ഇനങ്ങളിൽ കേരളത്തിന്റെ നിറസാനിധ്യം. മഹാപ്രളയം വാടകവീട്ടിലെ എല്ലാ സാധനങ്ങളും ഒഴുക്കിക്കളഞ്ഞപ്പോൾ ഉടുതുണി മാത്രമായി ദുരിതാശ്വാസ ക്യാന്പിലേക്ക് പോകേണ്ടി വന്ന അതുല്യക്ക് തന്റെ കായിക പോരാട്ടത്തിൽ അല്പം പോലും വിട്ടുവീഴ്ച്ചയ്ക്കുള്ള മനസില്ല. ഇല്ലായ്മയും മഹാപ്രളയവും ഒന്നും തന്റെ പോരാട്ടത്തെ പിന്നോട്ടടിക്കില്ലെന്നു നാട്ടിക ഫിഷറീസ് സ്കൂളിലെ ഈ പത്താം ക്ലാസുകാരി പലവട്ടം തെളിയിച്ചു.
മെഡൽ കൊയ്ത്ത് അതിൽ കുറഞ്ഞൊന്നും മൈതാനത്തെത്തിയാൽ അതുല്യയ്ക്കു മുന്നിലില്ല. റിക്കാർഡുകൾ, സുവർണ നേട്ടങ്ങൾ അത് എത്ര കഷ്ടപ്പെട്ടാണെങ്കിലും സ്വന്തമാക്കാൻ അതുല്യ പോരാടും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രളയത്തിനുശേഷം നടന്ന സംസ്ഥാന ഇന്റർ ക്ലബ് അത്ലറ്റിക് ചാന്പ്യൻഷിപ്പിലും ജൂണിയർ മീറ്റിലും സുവർണനേട്ടം സ്വന്തമാക്കിയത്.
ദുരിതാശ്വാസ ക്യാന്പിൽ നിന്നു നേരെ തിരുവനന്തപുരത്തേക്ക് എത്തിയ അതുല്യ ഇന്റർ ക്ലബ് അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഡിസ്കസ് ത്രോയിൽ സ്വർണനേട്ടം സ്വന്തമാക്കി. 31 മീറ്ററിലധികം ഡിസ്ക് പായിച്ചാണ് അതുല്യ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്. ഒരു മാസത്തിനുള്ളിൽ ജൂണിയർ മീറ്റിൽ 18 വയസിൽ താഴെയുള്ള പെണ്കുട്ടികളുടെ ഡിസ്കസ് ത്രോയിലും മിന്നും പ്രകടനം നടത്തി റിക്കാർഡോടെ സ്വർണത്തിൽ മുത്തമിട്ടു.
2017ൽ താൻതന്നെ സ്ഥാപിച്ച 36.39 മീറ്റർ എന്ന ദൂരം 36.98 ആക്കി വർധിപ്പിച്ചാണ് അതുല്യ ജൂണിയർ മീറ്റിൽ സ്വപ്നതുല്യ പ്രകടനം നടത്തിയത്. സ്കൂൾ മീറ്റിൽ സബ് ജൂണിയർ, ജൂണിയർ വിഭാഗങ്ങളിൽ സംസ്ഥാന റിക്കാർഡിനുടമ കൂടിയാണ്.
മൂന്നുവർഷം മുന്പാണ് ഈ കായികതാരം നാട്ടിക ഫിഷറീസ് സ്കൂളിൽ എത്തുന്നത്. ട്രാക്ക് ഇനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കായികതാരത്തെ (100, 200, ലോംഗ് ജംപ്) ത്രോ ഇനങ്ങളിലേക്ക് മാറ്റിയത് അതുല്യയുടെ കായികാധ്യാപകനായ കണ്ണൻ എന്ന സിനോജായിരുന്നു. ത്രോ ഇനങ്ങളിൽ മികവാർന്ന പ്രകടനം നടത്താൻ കഴിയുമെന്ന ഉത്തമബോധ്യമാണ് പോരാട്ടത്തിന്റെ വഴി മാറ്റിവിടാൻ കാരണമെന്നു സിനോജ് പറയുന്നു.
പിതാവ് അജയഘോഷ് ഓട്ടോ ഓടിച്ചു ലഭിക്കുന്ന വരുമാനത്തിലാണ് അതുല്യയുടെ കുടുംബം കഴിയുന്നത്. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ നാല് സെന്റ് ഭൂമി പഞ്ചായത്തിന്റെ സഹായത്തോടെ ലഭിച്ചെങ്കിലും അവിടെ ഒരു വീട് നിർമിക്കാനുള്ള കാത്തിരിപ്പിലാണ് അതുല്യയും കുടുംബവും.