ന്യൂഡല്‍ഹി: ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേന. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അടുത്ത സുഹൃത്ത് വഴിയായിരുന്നു ബിജെപിയുടെ നീക്കം. തന്റെ വീട്ടിലും ഉടനെ ഇഡി റെയ്ഡ് നടന്നേക്കും. ഒരു മാസത്തിനുള്ളില്‍ തന്നെയും അറസ്റ്റ് ചെയ്യും. ബിജെപിയില്‍ ചേര്‍ന്നാല്‍ നടപടിയില്‍നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും അതിഷി പറഞ്ഞു.
ബിജെപിയുടെ ലക്ഷ്യം ആംആദ്മി പാര്‍ട്ടിയെ തകര്‍ക്കുക എന്നതാണ്. രണ്ട് മാസത്തിനകം പാര്‍ട്ടിയുടെ നാല് നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് ബിജെപിയുടെ നീക്കം.
തനിക്ക് പുറമേ എഎപി നേതാക്കായ സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും ബിജെപി ഉന്നം വയ്ക്കുന്നുണ്ടെന്നും അതിഷി പറഞ്ഞു. തങ്ങളെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടെന്നും അതിഷി കൂട്ടിച്ചേർത്തു.
ഒന്നര വര്‍ഷം മുന്‍പ് ഉള്ള മൊഴി ഇപ്പോള്‍ ഇഡി കോടതിയില്‍ ഉന്നയിക്കുന്നത് തങ്ങളെ ജയിലില്‍ അടയ്ക്കാൻ വേണ്ടിയിട്ടാണ്. കെജ്രിവാള് ഒരിക്കലും രാജി വയ്ക്കില്ല. രാഷ്ട്രപതി ഭരണത്തിലൂടെ പിന്‍വാതില്‍ ഭരണത്തിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അതിഷി വ്യക്തമാക്കി.