അമേരിക്കയിലെ അറ്റ്ലാന്റിയില് മസാജ് പാര്‍ലറുകളില്‍ വെടിവയ്പ്പ് നടത്തിയ 21കാരന് ലൈംഗികതയ്ക്ക് അടിമയെന്ന് റിപ്പോര്‍ട്ട്. റോബര്‍ട്ട് ആരോണ്‍ ലോങ് എന്ന യുവാവാണ് പിടിയിലായത്. ഇയാളെ നേരത്തെ പരിചയമുള്ള ചിലരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജോര്‍ജിയ സ്വദേശിയായ റോബര്‍ട്ട് ആരോണ്‍ കഴിഞ്ഞദിവസമാണ് അറ്റ്ലാന്റയിലെ മൂന്ന് മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ ആറ് ഏഷ്യക്കാരടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ ആക്രമണം ഏഷ്യക്കാരെ ലക്ഷ്യമിട്ടാണെന്ന വാദങ്ങള്‍ തള്ളിക്കളയുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. അറസ്റ്റിലായതിന് ശേഷം പ്രതി നല്കിയ മൊഴികളും മറ്റു വെളിപ്പെടുത്തലുകളും അടിസ്ഥാനമാക്കിയാണ് വംശീയ ആക്രമണമാണെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നത്.
വംശീയവെറി മാത്രമാണ് ആക്രമണത്തിന് കാരണമെന്ന് പറയാനാകില്ലെന്നും പ്രതിയുടെ ലൈംഗിക ആസക്തിയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങളെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ലൈംഗികാസക്തി മൂത്ത് നിയന്ത്രണം നഷ്ടമായ പ്രതി അശ്ലീലചിത്രങ്ങളുടെ സ്ഥിരം പ്രേക്ഷകനായിരുന്നു. സ്പാകളും മസാജ് പാര്‍ലറുകളും തന്നെ പലപ്പോഴും പ്രലോഭിപ്പിച്ചിരുന്നതായാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി.
അതിനാല്‍ ഇതെല്ലാം ഇല്ലാതാക്കുകയായിരുന്നു തന്റെ ആഗ്രഹമെന്നും റോബര്‍ട്ട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഹോളി സ്പ്രിംഗ്സിലെ കടയില്‍നിന്നാണ് ആക്രമണത്തിന് ഉപയോഗിച്ച തോക്ക് വാങ്ങിയതെന്നും ഇത് നിയമവിധേയമായാണ് വില്പന നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാള്‍ ലൈ്ംഗികതയ്ക്കും അശ്ലീലച്ചിത്രങ്ങള്ക്കും അടിമയാണെന്ന് ഇയാളെ നേരത്തെ പരിചയമുള്ള 35കാരനാണ് വെളിപ്പെടുത്തിയത്.
അറ്റ്ലാന്റയിലെ പുനരധിവാസ കേന്ദ്രത്തില്‍ റോബര്‍ട്ടിനൊപ്പം താമസിച്ച ടെയ്ലര് ബേയ്ലസ് എന്നയാളാണ് കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മയക്കുമരുന്നിന് അടിമയായി ടെയ്ലര് ചികിത്സ തേടിയ സമയത്താണ് റോബര്‍ട്ടും കേന്ദ്രത്തിലെത്തുന്നത്. 2019 അവസാനം മുതല്‍ 2020 ഫെബ്രുവരി വരെ റോബര്‍ട്ട് ചികിത്സാകേന്ദ്രത്തിലുണ്ടായിരുന്നു.
ലൈംഗിക ആസക്തി മാറ്റാനായി പതിവായി മസാജ് പാര്‍ലറുകള്‍ സന്ദര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു റോബര്‍ട്ട്. അമിതമായ ലൈംഗിക ആസക്തി മാറാനായാണ് അയാള്‍ ചികിത്സ തേടിയിരുന്നത്.
അതേസമയം, കടുത്ത വിശ്വാസിയായ റോബര്‍ട്ടിന് താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ വലിയ കുറ്റബോധവുമുണ്ടായിരുന്നു. പലപ്പോഴും ഇത്തരം പ്രവൃത്തികളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും ലൈംഗിക ആസക്തി കാരണം അതിനു കഴിഞ്ഞില്ലെന്നാണ് റോബര്‍ട്ട് അന്നുപറഞ്ഞത്.
ഇക്കാര്യങ്ങളില്‍ പശ്ചാത്തപിച്ചിരുന്ന റോബര്‍ട്ടിന് പ്രാര്‍ഥനയിലേക്കും മറ്റും മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായും ടെയ്ലര് വെളിപ്പെടുത്തി.