വലന്‍സിയ/ലീപ്സിഗ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുതിയ ചരിത്രമെഴുതി അത്ലാന്തയും ലീപ്സിഗും. ഇരു ക്ലബ്ബും ചരിത്രത്തില്‍ ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളിലെ തകര്‍പ്പന്‍ ജയത്തോടെയാണ് ഇരു ടീമും ചരിത്രം കുറിച്ചത്.
ഐലികിറ്റ് മികവില്‍ അത്ലാന്ത
ജോസിപ് ഐലികിറ്റിന്റെ തകപ്പന്‍ പ്രകടനത്തിന്റെ മികവില്‍ അത്ലാന്ത രണ്ടാംപാദ മത്സരത്തില്‍ വലന്‍സിയയെ 4-3ന് തോല്‍പ്പിച്ചു. അത്ലാന്തയുടെ നാലു ഗോളും ഐലികിറ്റിന്റെ വകയായിരുന്നു. കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ ഐലികിറ്റിന്റെ ഏറ്റവും മികച്ച പ്രകടനമാണ് വലന്‍സിയയുടെ ഗ്രൗണ്ടില്‍ പുറത്തുവന്നത്.
ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരത്തില്‍ നാലു ഗോള്‍ നേടുന്ന 14-ാമത്തെയാളാണ് ഐലികിറ്റ്. കൂടാതെ ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നാലു ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരന്റെ റിക്കാര്‍ഡും 32 വര്‍ഷവും 41 ദിവസവും പ്രായമുള്ള സ്ലൊവേനിയന്താരം തകര്‍ത്തു.
32 വര്‍ഷവും 20 ദിവസവും പ്രായമുള്ളപ്പോഴാണ് ഇബ്രാഹിമോവിച്ച് പിഎസ്ജിക്കുവേണ്ടി ആന്റര്ലെചിറ്റിനെതിരേ നാലു ഗോള്‍ നേടിയത്.
മത്സരത്തില്‍ ഇരുപാദങ്ങളിലുമായി അത്ലാന്റ 8-4ന്റെ ജയമാണ് സ്വന്തമാക്കിയത്. അത്ലാന്ത ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടുന്നത്. ആദ്യ സീസണ് തന്നെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി മികവുറ്റതാക്കാനായി.
ആദ്യ പകുതിയില്‍ വലന്‍സിയയുടെ പ്രതിരോധക്കാരന് മൗക്ടര്‍ ഡയഖബി രണ്ടു പെനല്‍റ്റികള്‍ വഴങ്ങി. രണ്ടും ഐലികിറ്റ് വലയിലാക്കി. വലന്‍സിയയുടെ കെവിന് ഗെമിറോ രണ്ടു ഗോളുമായി സമനില പിടിച്ചെങ്കിലും അത്ലാന്റയുടെ പോരാട്ടമികവിനെ തടയാനായില്ല.
67-ാം മിനിറ്റില്‍ ഫെരാന്‍ ടോറസ് വലന്‍സിയയെ മുന്നിലെത്തിച്ചു. എന്നാല്‍ ഐലികിറ്റ് ഹാട്രിക്കിലൂടെ അത്ലാന്തയെ ഒപ്പമെത്തിച്ചു. 82-ാം മിനിറ്റില്‍ സ്ലോവേനിയന്താരം നാലാം ഗോള്‍ നേടി.
ടോട്ടനത്തെ തകര്‍ത്ത് ലീപ്സിഗ്
ആദ്യപകുതിയില്‍ മാഴ്സല്‍ സാബിറ്റ്സര്‍ നേടിയ ഇരട്ട ഗോളില്‍ രണ്ടാംപാദ മത്സരത്തില്‍ ലീപ്സിഗ് 3-0ന് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ടോട്ടനത്തെ തോല്പിച്ചു. ഇതോടെ ലീപ്സിഗ് 4-0ന്റെ അഗ്രഗേറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
പത്താം മിനിറ്റില്‍ സാബിറ്റ്സര്‍ ജര്‍മന്‍ ക്ലബ്ബിനെ മുന്നിലെത്തിച്ചു. പരിക്കിനെത്തുടര്‍ന്ന് സ്ട്രൈക്കര്‍മാരായ ഹാരി കെയ്ന്‍, സണ്‍ ഹ്യുംഗ് മിന് എന്നിവരില്ലാതെയാണ് ഹൊസെ മൗറിഞ്ഞോ ടോട്ടനത്തെ ഇറക്കിയത്.
21-ാം മിനിറ്റില്‍ സാബിറ്റ്സര്‍ ഹെഡറിലൂടെ രണ്ടാമത്തെ ഗോളും നേടി. ഇതോടെ ടോട്ടനത്തിന് മത്സരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ അടഞ്ഞു. 87-ാം മിനിറ്റില്‍ എമില്‍ ഫോഴ്സ്ബര്‍ഗ് മൂന്നാം ഗോളും നേടി ലീപ്സിഗിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം അനായാസമാക്കി.
2009ല്‍ റെഡ് ബുള്‍ ആണ് ലീപ്സിഗ് ഫുട്ബോള്‍ ക്ലബ് സ്ഥാപിച്ചത്. അഞ്ചാം ഡിവിഷന് ലൈസന്‍സിലൂടെയാണ് ക്ലബ് തുടങ്ങിയത്. 2016ലാണ് ബുണ്ടസ് ലിഗയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.