ദുബായി: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രന് (അറ്റ്ലസ് രാമചന്ദ്രൻ-80) അന്തരിച്ചു.
കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ അർധരാത്രിയോടെയായിരുന്നു അന്ത്യം.
വൈശാലി ഉള്‍പ്പെടെ ഒട്ടേറെ മികച്ച സിനിമകളുടെ നിര്‍മാതാവാണ് അറ്റ്ലസ്് രാമചന്ദ്രൻ. തൃശൂർ മധുകര മൂത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടെയും മകനായി 1942 ജൂലൈ 31നാണ് ജനനം. ഭാര്യ: ഇന്ദിര. മക്കൾ: ഡോ. മഞ്ജു, ശ്രീകാന്ത്.
ഓർമയാകുന്നത്”ജനകോടികളുടെവിശ്വസ്തസ്ഥാപനം’
പഠനശേഷം കാനറാ ബാങ്കിലും പിന്നീട് എസ്ബിടിയിലും ഉദ്യോഗസ്ഥനായ രാമചന്ദ്രന് 1970കളിൽ ജോലി രാജിവച്ച് ഗൾഫിലേക്ക് പോയി.
കുവൈറ്റിൽ ബാങ്ക് ജോലിയിൽ തന്നെയായിരുന്നു തുടക്കം. എന്നാൽ എൺപതുകളുടെ അവസാനത്തിൽ ജോലി ഉപേക്ഷിച്ച് സ്വർണവ്യാപാരം തുടങ്ങി. അറ്റ്ലസ്് ജ്വല്ലറി ഗ്രൂപ്പ് പെട്ടെന്നുതന്നെ പ്രശസ്തമായി.
ബിസിനസിന്റെ പല മേഖലകളിലേക്കു വിജയകരമായി പടർന്നു പന്തലിച്ച രാമചന്ദ്രൻ വളരെ വേഗമാണ് ഗൾഫിലെ പ്രമുഖ മലയാളികളുടെ മുൻനിരയിലേക്ക് ഉയർന്നത്. അറ്റ്ലസിന്റെ പരസ്യങ്ങളില്‍ മോഡലായി എത്തിയാണ് രാമചന്ദ്രന് ജനകീയനായത്.
“ജനകോടികളുടെ വിശ്വസ്തസ്ഥാപനം’ എന്ന പരസ്യവാക്യത്തിലൂടെ അദ്ദേഹം നാട്ടിലും പ്രശസ്തി നേടി.സിനിമാ നിര്‍മാതാവ്, നടൻ, സാംസ്കാരിക പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം ശോഭിച്ചു.
ഹോളി ഡെയ്സ് എന്നൊരു സിനിമ സംവിധാനവും ചെയ്തു. വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയവയാണ് നിർമിച്ച ചിത്രങ്ങൾ.
അറബിക്കഥ, മലബാർ വെഡിംഗ്, 2 ഹരിഹർ നഗർ തുടങ്ങി ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഹെൽത്ത്കെയർ, റിയൽ എസ്റ്റേറ്റ് മേഖലകളിലും നിക്ഷേപം നടത്തി.
തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും കലയും സാഹിത്യവുമായുള്ള ബന്ധം അറ്റ്ലസ് രാമചന്ദ്രൻ സൂക്ഷിച്ചിരുന്നു. ദുബായിലും തൃശൂരും അക്ഷരശ്ലോക സദസ്സുകൾ സംഘടിപ്പിക്കുന്നതിലും ശ്രദ്ധിച്ചു.
സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരിൽ 2015-ൽ ദുബായിൽ തടവിലായ അദ്ദേഹം 2018 ജൂണിലാണു മോചിതനായത്.
തന്റെ വളർച്ചയിൽ അസൂയാലുക്കളായ ചിലരാണ് കേസിനുപിന്നിലെന്നാണ് രാമചന്ദ്രൻ വിശ്വസിച്ചിരുന്നത്. ഗൾഫിലെയും ഇന്ത്യയിലെയും വിവിധ ബാങ്കുകളുമായി നിരന്തരം വായ്പാ ഇടപാടുകൾ നടത്തിക്കൊണ്ടിരുന്ന രാമചന്ദ്രന് വായ്പ ഉറപ്പു നൽകിയിരുന്ന രണ്ട് ബാങ്കുകൾ പൊടുന്നനെ വായ്പ നിഷേധിച്ചതാണ് പ്രശ്നങ്ങൾക്കു കാരണമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജയിൽ മോചിതനായശേഷം അറ്റ്ലസ്് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമിച്ചെങ്കിലും നല്ല പങ്കാളികളെ കിട്ടാത്തതിനാല്‍ ആ ശ്രമം വിജയം കണ്ടില്ല.