ശത്രുവിനു പോലും ഈ അവസ്ഥ വരുത്തരുതേ… അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലില്‍ നയിക്കുന്നത് നരകതുല്യ ജീവിതം; രോഗങ്ങള്‍ കൊണ്ട് ശരീരം മെലിഞ്ഞുണങ്ങി…

ദുബായ്: റിയല്‍ എസ്റ്റേറ്റ് ബിസിനസ് വരുത്തിവച്ച കടക്കെണിയില്‍ പെട്ട് ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥിതി അതീവ ദയനീയമെന്ന് വിവരം. സഹായിക്കാനാരുമില്ലാതെ ജയിലഴിക്കുള്ളില്‍ നരകിച്ചു കഴിയുകയാണ് ഈ നന്മനിറഞ്ഞ വ്യവസായി. ഇദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിനും കോട്ടം തട്ടിയിട്ടുണ്ടെന്നാണ് സൂചന

സര്‍വ്വതും നശിച്ച് മാനസിക രോഗികളുടേതിന് തുല്യമായ അവസ്ഥയിലാണ് അദ്ദേഹത്തെ കാണാനാകുക എന്നാണ് വിവരം. ഭക്ഷണം ശരിക്ക് കഴിക്കാത്തതിനാല്‍ മെലിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. കടുത്തപ്രമേഹവും രക്തസമ്മര്‍ദവും മറ്റ് ശാരീരിക അവശതകളും മൂലം രാമചന്ദ്രന്‍ നന്നേ ക്ഷീണിച്ചു. ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീല്‍ച്ചെയറിലാണ്. പ്രത്യേക അനുമതിയോടെ വെള്ളിയാഴ്ചകളില്‍ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കുന്ന ചുരുക്കം മലയാളി സുഹൃത്തുക്കള്‍ ഭക്ഷണം വാങ്ങി നല്‍കും. ഇത് ആര്‍ത്തിയോടെ രാമചന്ദ്രന്‍ ഭക്ഷിക്കുമെന്നാണ് ദുബായില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ശത്രുവിന് പോലും ഈ അവസ്ഥ വരരുതെന്നാണ് ഇത് കണ്ട് നില്‍ക്കുന്ന മലയാളികള്‍ പ്രാര്‍ത്ഥിക്കുന്നത്. അത്ര ദയനീയമാണ് സ്ഥിതി.

ഭൂമിയിടപാടുകളില്‍ താത്പര്യമുള്ള മറ്റൊരു മലയാളി ബിസിനസുകാരനുമായുള്ള മത്സരമാണ് രാമചന്ദ്രനെ തകര്‍ത്തു കളഞ്ഞത്. രാജകുടുംബത്തില്‍ വരെ പിടിയുള്ള ഇയാളോടു മുട്ടി നില്‍ക്കാന്‍ രാമചന്ദ്രനായില്ല. ഈ പ്രമുഖനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ രാമചന്ദ്രന്റെ തകര്‍ച്ച ആസന്നമാണെന്ന പ്രചാരണം നടത്തി. ഗള്‍ഫിലെ ചില ബാങ്കുകളില്‍ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നല്‍കിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പൊലീസിന്റെ മുമ്പിലെത്തി. 990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരില്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ദുബായ് പൊലീസ് 2015 ഓഗസ്റ്റ് 23 ന് ജയിലിലടയ്ക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ മകള്‍ ഡോ. മഞ്ജുവിനെയും മരുമകനെയും മറ്റു കുറ്റങ്ങള്‍ചുമത്തി തടവിലാക്കി. ഗള്‍ഫിലെത്തിയാല്‍ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിമൂലം അച്ഛനെ കാണാത്ത ഗതികേടിലാണു മകന്‍ ശ്രീകാന്ത്. രാമചന്ദ്രനെ പുറത്തിറക്കാന്‍ വീട്ടമ്മയായ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകണ്ടില്ല. വീടിന്റെ വാടക പോലും കൊടുക്കാന്‍ കഴിയാതെ ഏതു നിമിഷവും തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന ഭീതിയിലാണ് ഭാര്യ. മസ്‌കറ്റിലും മറ്റുള്ള ആശുപത്രികള്‍ കിട്ടുന്ന വിലയ്ക്കു വിറ്റ് ബാങ്കുകളുടെ തവണ മുടക്കം തീര്‍ത്തു ജയിലിനു പുറത്തിറങ്ങാന്‍ രാമചന്ദ്രന്‍ നടത്തിയ നീക്കവും ഇടഞ്ഞുനില്‍ക്കുന്ന ഉന്നതന്റെ കരുനീക്കത്തില്‍ തകര്‍ന്നു.

ജുവലറി ബിസിനസില്‍ നിന്നു മാത്രം 3.5 ബില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വാര്‍ഷിക വിറ്റുവരവ് കൊയ്ത രാമചന്ദ്രന്‍ മസ്‌കറ്റില്‍ രണ്ട് ആശുപത്രികളും ദുബായിലും അബുദാബിയും ഫോട്ടോ സ്റ്റുഡിയോ ബിസിനസും തുടങ്ങി. ഗള്‍ഫിലും കേരളത്തിലുമായി ആരംഭിച്ച റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. ഇത് ചിലര്‍ മുതലെടുക്കാനെത്തി. ചെക്ക് കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. രാമചന്ദ്രന്‍ ചെക്ക് കേസില്‍ ദുബായ് ജയിലിലുമായി. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു കേസില്‍ മാത്രമാണ് വിധിയായിട്ടുള്ളത്. നാലുവര്‍ഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത് 40 വര്‍ഷമെങ്കിലും രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു.രാമചന്ദ്രന്‍ ജയിലിലായതോടെ ബിസിനസ് സാമ്രാജ്യം തകര്‍ന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കടം വീട്ടാന്‍ അഞ്ചിലൊന്ന് വിലയ്ക്കു ഡയമണ്ട് ആഭരണങ്ങള്‍ വിറ്റുതീര്‍ക്കേണ്ടി അവസ്ഥയും ഭാര്യയ്ക്കുണ്ടായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാമചന്ദ്രന്റെ കാര്യത്തില്‍ യാതൊരു നീക്കവും നടത്തിയില്ലെന്നതും പ്രതിഷേധാര്‍ഹമാണ്.

 

Related posts