ഇത്രയധികം നാളുകള്‍ ജയിലില്‍ കഴിഞ്ഞിട്ടും ആരില്‍ നിന്നും പ്രത്യേകം സഹായം ഒന്നുംതന്നെ ലഭിച്ചില്ലെന്നും ഭാര്യയുടെ മാത്രം പ്രയത്നത്താലാണ് മോചനം സാധ്യമായതെന്നും ദുബായില്‍ ജയില്‍ മോചിതനായ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്. ബാങ്കുകളുമായി കരാറിലെത്താന്‍ സധിച്ചെന്നും അതാണ് മോചനത്തിന് കാരണമായി ഭവിച്ചതെന്നും രാമചന്ദ്രന് പറഞ്ഞു. ഒരു ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാമചന്ദ്രന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വായ്പയ്ക്ക് ഈടായി നല്കിയ സെക്യൂരിറ്റി ചെക്ക് ബാങ്ക് ഹാജരാക്കിയപ്പോള്‍ മടങ്ങിയതാണു പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടതെന്ന് അറ്റ്ലസ് രാമചന്ദ്രന് പറഞ്ഞു. ബാങ്കുകളുമായി സംസാരിച്ച് ഇടക്കാല കരാറിലെത്തിയതോടെയാണ് മോചനം സാധ്യമായത്. മസ്ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വിറ്റിട്ടാണ് ബാങ്കുകള്‍ക്ക് ഇടക്കാല കരാറിലൂടെ പണമടച്ചത്. ഭാര്യ ഇന്ദിരയാണ് ബാങ്കുകളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്.
ജനങ്ങളില്‍ നിന്നും ദുബായിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുമെല്ലാം ധാര്‍മിക പിന്തുണയും സഹായവും ലഭിച്ചിരുന്നു. നിയമപരമായി മാത്രമാണ് എല്ലാ കാര്യങ്ങളും നടത്തിയത്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടേയോ സംഘടനകളുടേയോ പേരെടുത്തു പറയാനില്ല. ജനങ്ങളുമായുള്ള സമ്പര്‍ക്കം ഇല്ലാതായതാണ് തന്നെ ഏറ്റവും തളര്‍ത്തിയതെന്നും നിയമവശങ്ങളെക്കുറിച്ച് പഠിച്ചശേഷം പുതിയ സംരഭങ്ങളുമായി താന്‍ എത്തുമെന്നും രാമചന്ദ്രന് വ്യക്തമാക്കി.