പുതുവര്‍ഷത്തില്‍ മലയാളിക്കൊരു സന്തോഷവാര്‍ത്ത ! അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും ? പിന്നില്‍ ചരടുവലിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രമുഖ പ്രവാസി വ്യവസായികളും

പുതുവര്‍ഷത്തെ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സാമ്പത്തിക കുറ്റകൃത്യത്തിന് ദുബായിലെ ജയിലില്‍ കഴിയുന്ന പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്തയാഴ്ച ജയില്‍ മോചിതനാകുമെന്ന് സൂചന. അടുത്ത ബന്ധുക്കളാണ് ഈ വിവരം പുറത്തു വിട്ടത്. പ്രമുഖ വ്യവസായി സികെ മേനോനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രവാസി സംഘടനകളും ചേര്‍ന്നു നടത്തുന്ന സംയുക്ത നീക്കം വിജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

വായ്പകള്‍ കുടിശ്ശികയായതോടെയാണ് വലിയ കടക്കാരനായി മാറി കേസുകളില്‍പ്പെട്ട് അറ്റ്‌ലസ് രാമചന്ദ്രന്‍ അഴിക്കുള്ളിലാകുന്നത്. ജയിലില്‍ ആയതോടെ ബിസിനസ് എല്ലാം താറുമാറായി കടത്തില്‍ നിന്ന് കടത്തിലേയ്ക്ക് അറ്റലസ് ഗ്രൂപ്പ് കൂപ്പികുത്തി. നാലുവര്‍ഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത് 40 വര്‍ഷമെങ്കിലും രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. ജയില്‍മോചിതനായാല്‍ തന്റെ എല്ലാ ആസ്തിയും വിറ്റ് കടംവീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് രാമചന്ദ്രന്‍. താന്‍ ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നില്ലെന്നും തിരിച്ചുവരുമെന്നും ആദ്യകാലത്തെല്ലാം കാണാന്‍ പോകുന്നവരോട് അദ്ദേഹം പറഞ്ഞിരുന്നു.

അദ്ദേഹം ജയില്‍ മോചിതനായാല്‍ സാമ്പത്തിക കാര്യങ്ങളുടെ ഒത്തുതീര്‍പ്പിന് കൂടുതല്‍ ഗുണകരമാകുമെന്ന് വായ്പ നല്‍കിയ ബാങ്കുകളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നു എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് ദുബായ് സര്‍ക്കാരും രാമചന്ദ്രന്റെ മോചനത്തിന് സമ്മതം അറിയിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ മകള്‍ ഡോ. മഞ്ജുവും മരുമകനും തടങ്കലിലാണ്. ഗള്‍ഫിലെത്തിയാല്‍ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിമൂലം അച്ഛനെ കാണാനാവാത്ത ഗതികേടിലാണു മകന്‍ ശ്രീകാന്ത്. രാമചന്ദ്രനെ പുറത്തിറക്കാന്‍ വീട്ടമ്മയായ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകണ്ടില്ല. ഇടക്കാലത്ത് പ്രവാസി വ്യവസായി ബി. ആര്‍ ഷെട്ടി രാമചന്ദ്രന്റെ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് കടം വീട്ടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു. ഇതോടെയാണ് ഇദ്ദേഹത്തിന്റെ മോചനം അനശ്ചിതത്വത്തിലായത്.

യു.എ.ഇ. സര്‍ക്കാരിനെയും ബാങ്കുകളെയും വഞ്ചിച്ച സ്ഥിരം സാമ്പത്തിക കുറ്റവാളിയായ രാമചന്ദ്രന് പരമാവധി ശിക്ഷ നല്‍കണമെന്ന് വിചാരണ നടക്കുന്ന കേസില്‍ ബാങ്കുകള്‍ക്കുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ നടത്തിയിരുന്നു..അതായത് മരണശിക്ഷ വിധിക്കണമെന്ന്. ഇത് മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

 

Related posts