അങ്ങനെ അണ്ണാ ഹസാരെയുടെ പോരാട്ടം ഫലം കാണുന്നു… ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്; ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍…

ന്യൂഡല്‍ഹി: ഭരണതലത്തിലുള്ള അഴിമതിയെ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തിലൂന്നി മുന്നോട്ടു പോകുന്ന അണ്ണാ ഹസാരെയുടെ ശ്രമങ്ങള്‍ ഫലം കാണുന്നു. ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുന്ന ലോക്പാല്‍ ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. ഇന്ത്യയുടെ ആദ്യ ലോക്പാല്‍ അധ്യക്ഷന്‍ ആയി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം തന്നെ ഉണ്ടായേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി എന്നിവരടങ്ങിയ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയാണ് പി.സി.ഘോഷിനെ ലോക്പാല്‍ അധ്യക്ഷന്‍ ആയി തീരുമാനിച്ചത്. വിജ്ഞാപനം പുറത്തുവന്ന് അഞ്ച് വര്‍ഷത്തിനു ശേഷമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന സംവിധാനമാണ് ലോക്പാല്‍.

ഇതിനായി നിയോഗിക്കപ്പെടുന്ന സമിതിയില്‍ അധ്യക്ഷന് പുറമേ എട്ട് അംഗങ്ങള്‍ കൂടി ഉണ്ടാകും. സമിതിയംഗങ്ങള്‍ ആരൊക്കെ എന്ന കാര്യത്തിലും അടുത്ത ആഴ്ച്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് വിവരം. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 2017 മെയ് മാസത്തിലാണ് പി.സി.ഘോഷ് സുപ്രീംകോടതി ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. 1976ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകജീവിതം ആരംഭിച്ച പി.സി.ഘോഷ് 1999ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ലാണ് സുപ്രീംകോടതിയിലെത്തുന്നത്.

2011 ഏപ്രില്‍ അഞ്ചിനാണ് ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായി വിമുക്ത ഭടനായ കിഷന്‍ ബാബു റാവു(അണ്ണാ ഹസാരെ) നിരാഹാര സമരം ആരംഭിക്കുന്നത്. ഗവണ്‍മെന്റ് ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ ഒമ്പതിന് നിരാഹാരം അവസാനിപ്പിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറക്കിയെങ്കിലും ലോക്പാല്‍ യാഥാര്‍ഥ്യമാകുന്നത് ഇപ്പോഴാണ് എന്നു മാത്രം.

Related posts