‘എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ’ ! നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി സംവിധായകന്‍ അറ്റ്‌ലി…

നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്ക് ഉഗ്രന്‍ മറുപടി നല്‍കി തമിഴ് സംവിധായകന്‍ അറ്റ്‌ലി. ഇളയ ദളപതി വിജയ് യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബിഗിളിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു യുവസംവിധായകന്റെ പ്രതികരണം. ‘ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകള്‍ മാത്രമാണ്. അത് അറിവല്ല. അതുപോലെ, കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്’, അറ്റലി വ്യക്തമാക്കി.

അറ്റ്‌ലിയും ഭാര്യയും തമ്മിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് പലപ്പോഴും ചില വര്‍ണവെറിയന്മാര്‍ കമന്റ് പാസാക്കുന്നത്. ഇതു കൂടാതെ ഐപിഎല്‍ മത്സരത്തിനിടെ ഷാരുഖ് ഖാനൊപ്പം ഗാലറിയില്‍ ഇരിക്കുന്ന ചിത്രം ചിലര്‍ പങ്കുവെച്ചിരുന്നു ‘എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

അങ്ങനെ ചെയ്തവരോടു നന്ദി പറഞ്ഞുകൊണ്ടാണ് ഓഡിയോ ലോഞ്ചില്‍ അറ്റ്‌ലി സംസാരം ആരംഭിച്ചത്. അറ്റ്‌ലിയുടെ വാക്കുകള്‍ ഇങ്ങനെ… ഹിന്ദിയും ഇംഗ്ലീഷുമൊക്കെ വെറും ഭാഷകള്‍ മാത്രമാണ്. അതൊരു അറിവല്ല. അതുപോലെ, കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്. എന്നെ ഇഷ്ടമില്ലാത്തവര്‍ പലരും പറയാറുണ്ട്. ‘അവന്‍ നല്ല കറുപ്പാണല്ലോ…ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല. ഇവന്‍ മൊത്തം കോപ്പിയടിയാണല്ലോ? എന്നൊക്കെ.

എന്നെ വെറുക്കുന്നവര്‍ക്കാണ് എന്നെ ഏറ്റവും ഇഷ്ടമെന്ന് എനിക്ക് തോന്നാറുണ്ട്. ഇന്നെ ഇഷ്ടപ്പെടുന്നവര്‍ ദിവസത്തില്‍ നാലോ അഞ്ചോ തവണ എന്നെപ്പറ്റി സംസാരിക്കുമ്പോള്‍ ഹേറ്റേഴ്‌സ് 100 തവണയെങ്കിലും എന്നെപ്പറ്റി ചിന്തിക്കും. അത് യഥാര്‍ത്ഥത്തില്‍ ഇഷ്ടമുളളതുകൊണ്ടല്ലേ ? കറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്. അത് വെറും നിറങ്ങള്‍ മാത്രമാണ് അറ്റലി കൂട്ടിചേര്‍ത്തു. യുവ സംവിധായകന്റെ വാക്കുകള്‍ക്ക് വലിയ കയ്യടികളാണ് ലഭിച്ചത്.

രാജാ റാണി എന്ന ചിത്രത്തിലൂടെയാണ് അറ്റ്‌ലി സംവിധായക വേഷമണിയുന്നത്. വിജയ്‌ക്കൊപ്പം അറ്റ്‌ലിയുടെ മൂന്നാമത്തെ ചിത്രമാണ് ബിഗിള്‍. മുമ്പ് ചെയ്ത തെറി, മെര്‍സല്‍ എന്നിവ വന്‍ വിജയമായിരുന്നു. മറ്റു താരങ്ങള്‍ക്കൊപ്പം നീ ചിത്രം ചെയ്യണമെന്ന് വിജയ് പറയാറുണ്ടെന്നും എന്നാല്‍ തിരക്കഥ എഴുതി വരുമ്പോള്‍ അതില്‍ വിജയ് അണ്ണന്റെ മുഖം തെളിഞ്ഞു വരുമെന്നും അറ്റ്‌ലി പറയുന്നു.

ഫുട്‌ബോള്‍ പ്രമേയമാക്കിയുള്ള ചിത്രമാണ് ബിഗിള്‍. താന്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച തിരക്കഥ ബിഗിളിന്റേതാണെന്ന് അറ്റ്‌ലി പറയുന്നു. സംഗീത സംവിധായകന്‍ എ.ആര്‍ റഹ് മാന്റെ തത്സമയ പ്രകടനത്തേതോടെയാണ് ഗംഭീര ഓഡിയോ ലോഞ്ച് നടന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റ് ലിസ്റ്റിലാണ്. നയന്‍താര നായികയായെത്തുന്ന ചിത്രത്തിന്റെ ബജറ്റ് 140 കോടി രൂപയാണ്.

 

Related posts