ബുഡാപെസ്റ്റ്: കായിക ലോകം കാത്തിരിക്കുന്ന 2023 ബുഡാപെസ്റ്റ് ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിനു നാളെ കൊടിയുയരും. 19 മുതൽ 27വരെയാണ് 2023 ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്.
ഒളിന്പിക് സ്വർണ ജേതാവായ ജാവലിൻ താരം നീരജ് ചോപ്രയാണു ചാന്പ്യൻഷിപ്പിനുള്ള 28 അംഗ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ലോക ചാന്പ്യൻഷിപ്പ് വേദിയിൽ ഇക്കാലമത്രയുമായി ഒരു വെള്ളിയും (നീരജ് ചോപ്ര, 2022) ഒരു വെങ്കലവും (അഞ്ജു ബോബി ജോർജ്, 2003) മാത്രമാണ് ഇന്ത്യക്കു നേടാനായത്.
കഴിഞ്ഞ വർഷം സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ജേതാവായ നീരജ് ചോപ്ര, ബുഡാപെസ്റ്റിൽ സ്വർണത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല.
2022 ഒറിഗണ്‍ ലോക ചാന്പ്യൻഷിപ്പിൽ നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു. 2023 സീസണിൽ നീരജ് മികച്ച ഫോമിലാണ്. ദോഹ, ലൊസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് സ്വർണം നേടി.
മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കറാണ് ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷ. തമിഴ്നാട് സ്വദേശിയായ ജെസ്വിൻ ആൾഡ്രിനും ലോംഗ്ജംപിൽ മാറ്റുരയ്ക്കും.
സ്റ്റീപ്പിൾചേസർ അവിനാഷ് സാബ്ലെ, ട്രിപ്പിൾജംപർ പ്രവീണ്‍ ചിത്രവേൽ, അബ്ദുള്ള അബൂബക്കർ, എൽദോസ് പോൾ, ഹർഡിൽസ് വനിതാ താരം ജ്യോതി യാരാജി തുടങ്ങിയവരും ഇന്ത്യൻ പ്രതീക്ഷയുമായി ബുഡാപെസ്റ്റിൽ ഇറങ്ങും.
വീസ ഓക്കെ
നീരജ് ചോപ്രയ്ക്കൊപ്പമുള്ള ഇന്ത്യൻ പുരുഷ ജാവലിൻത്രോ താരം കിഷോർ കുമാർ ജെനയ്ക്ക് അവസാന നിമിഷം വീസ ശരിയായേക്കും. ഇന്ന് രാവിലെ കിഷോർ കുമാറിനെ ഹംഗേറിയൻ എംബസി ക്ഷണിച്ചിട്ടുണ്ട്. കാരണങ്ങൾ കാണിക്കാതെ കിഷോർ കുമാറിന്റെ വീസ എംബസി ബുധനാഴ്ച റദ്ദാക്കി. അധികൃതർ സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നീരജ് ചോപ്ര ട്വീറ്റ് ചെയ്തിരുന്നു.