വിജയവാഡയിൽനിന്ന് എം.ജി. ലിജോ
അവസാന ബസിൽ ചാടിക്കയറുകയെന്നത് മലയാളിയുടെ ശീലമാണ്. ബസ് സമയം അറിയാമെങ്കിലും ഇല്ലെങ്കിലും അങ്ങനെതന്നെ. ദേശീയ ജൂണിയർ അത്ലറ്റിക് മീറ്റ് അവസാന മണിക്കൂറുകളിലേക്ക് കടക്കുന്പോൾ കേരളത്തിന്റെ അവസ്ഥയും ഇതുപോലൊക്കെത്തന്നെ. ഞായറാഴ്ചയുടെ അവസാന മണിക്കൂറിൽ റിലേയിൽ നേടിയ മൂന്നെണ്ണം ഉൾപ്പെടെ ഒൻപതു സ്വർണവുമായി ചാന്പ്യൻഷിപ്പ് ഉറപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ് കേരളം. നാലാംദിനം പിന്നിടുന്പോൾ ഹരിയാന തന്നെയാണ് മുന്നിലെങ്കിലും പിടിവിടാതെ തൊട്ടുപിന്നാലെയുണ്ട് മലയാളിപ്പട. 328 പോയിന്റാണ് ഹരിയാനയ്ക്കെങ്കിൽ കൗമാരകേരളത്തിന് ഇതുവരെ നേടാനായത് 298 പോയിന്റ്. ഏവരെയും ഞെട്ടിച്ച് ഉത്തർപ്രദേശ് (247) മൂന്നാമതുണ്ട്.
അവസാന ദിനമായ ഇന്ന് ഹരിയാനയെ മറികടന്ന് 23-ാം കിരീടവുമായി മടങ്ങാമെന്ന പ്രതീക്ഷയിലാണ് മലയാളി ക്യാന്പ്. 800, 200, 4×400 റിലേ ഇനങ്ങളിൽ ഇന്ന് കേരളത്തിന്റെ കുട്ടികൾ ഇറങ്ങുന്നുണ്ട്. ഈ ഇനങ്ങളിലെല്ലാം മെഡൽ പ്രതീക്ഷയുമുണ്ട്. അതുകൊണ്ടുതന്നെ ഫോട്ടോഫിനിഷിംഗിൽ ഹരിയാനയെ തള്ളാമെന്ന ആത്മവിശ്വാസത്തിലാണ് കുട്ടികൾ. ഇന്നലെ എട്ടു റിക്കാർഡുകൾ പിറന്നു. ഇതിൽ നാലെണ്ണം ദേശീയ റിക്കാർഡാണ്. അണ്ടർ 20 ലോംഗ്ജംപിൽ എം. ശ്രീശങ്കറാണ് ദേശീയ റിക്കാർഡ് പട്ടികയിലെ മലയാളി.
ഇന്നലെ കേരളം നേടിയത് ഒൻപത് സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവും. ലിസ്ബത്ത് കരോളിൻ ജോസഫ് (അണ്ടർ 20, ട്രിപ്പിൾ ജംപ്), ജെ. വിഷ്ണുപ്രിയ (അണ്ടർ 18, 400 മീറ്റർ ഹർഡിൽസ്), പി.ഒ. സയന (അണ്ടർ 20, 400 മീറ്റർ ഹർഡിൽസ്) എന്നിവരാണ് കനകമണിഞ്ഞ പെണ്‍കുട്ടികൾ. എം. ശ്രീശങ്കർ (അണ്ടർ 20, ലോംഗ് ജംപ്), കെ.ജി. ജെസണ്‍ (അണ്ടർ 20, പോൾവോൾട്ട്), അനന്തു വിജയൻ (അണ്ടർ 18, 400 മീറ്റർ ഹർഡിൽസ്) എന്നിവർ സ്വർണനേട്ടത്തോടെ ആണ്‍കുട്ടികളുടെ അഭിമാനം കാത്തു.
400 മീറ്റർ ഹർഡിൽസിൽ അബിഗേൽ ആരോഗ്യനാഥ് (ആണ്‍കുട്ടികൾ, അണ്ടർ 18), കെ.എം. നിബ (പെണ്‍കുട്ടികൾ, അണ്ടർ 18), ആതിര മോഹൻ (പെണ്‍കുട്ടികൾ അണ്ടർ 20, ഹെപ്റ്റാത്തലണ്‍), മുഹമ്മദ് സാലിഹ് (അണ്ടർ 20, ലോംഗ്ജംപ്) എന്നിവരാണ് വെള്ളിനേടിയത്. പെണ്‍കുട്ടികളുടെ അണ്ടർ 20 ഷോട്ട്പുട്ടിൽ നെൽസ ഷാജിയുടേതാണ് ഏക വ്യക്തിഗത വെങ്കലം.
സ്വർണം വാരി റിലേ
എല്ലാക്കാലത്തും 4×100 മീറ്റർ റിലേയിൽ കേരളത്തിന്റെ ആധിപത്യമാണ്. സായംസന്ധ്യയിൽ മിഴിതുറന്ന ഫ്ളഡ്ലൈറ്റിന്റെ കീഴിൽ ഇത്തവണയും കേരളം മോശമാക്കിയില്ല. പതിനഞ്ചു മിനിറ്റിനിടെ മൂന്നു സ്വർണവും രണ്ടു വെങ്കലവും കേരളത്തിന്റെ അക്കൗണ്ടിലെത്തി. അണ്ടർ 16 പെണ്‍കുട്ടികളാണ് റിലേയിലെ സ്വർണം വാരലിനു തുടക്കമിട്ടത്. ആദ്യ ലാപ്പിൽ ഓടിയ അനു ജോസഫ് നല്കിയ ലീഡ് ഗ്രേസ്മരിയ വിൽസണും എ.എസ്. സാന്ദ്രയും നിലനിർത്തിയപ്പോൾ ഭാവിവാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസ്കില ഡാനിയേൽ അവസാന ലാപ്പിൽ എതിരാളികൾക്ക് മത്സരത്തിനുപോലും അവസരം കൊടുക്കാതെ 2:17.64ൽ ഫിനിഷ് ചെയ്തു.
കഴിഞ്ഞവർഷവും കേരളത്തിനായിരുന്നു ഈ ഇനത്തിൽ സ്വർണം. തൊട്ടുപിന്നാലെ അണ്ടർ 18 ആണ്‍കുട്ടികളിൽ സി. അഭിനവ്-അൻസ്റ്റിൻ ജോസഫ്-അനന്തു വിജയൻ-മുഹമ്മദ് മുർഷിദ് സഖ്യം വെങ്കലവും നേടി. തുടക്കത്തിലെ ലീഡ് നിലനിർത്താൻ സാധിക്കാതിരുന്നതാണ് വെങ്കലത്തിൽ ഒതുങ്ങാൻ കാരണമായത്. 1:55.21 മിനിറ്റിൽ കർണാടക സ്വർണം നേടിയപ്പോൾ 1:55.36ലാണ് കേരളത്തിന്റെ കുട്ടികൾ ഓടിയെത്തിയത്.
അണ്ടർ 18 പെണ്‍കുട്ടികളിലും (അപർണ റോയ്, ആൻസി സോജൻ, ടി.ജെ. ജംഷീല, ജെ. രേഷ്മ) വെങ്കലത്തിലൊതുങ്ങിയതോടെ റിലേയിൽ ചുവടുപിഴയ്ക്കുന്നുവോയെന്ന ആശങ്കയിലായി കേരള ക്യാന്പ്. എന്നാൽ, കേരള ക്യാപ്റ്റൻ സച്ചിൻ ബിനു നയിച്ച അണ്ടർ 20 വിഭാഗത്തിൽ കേരളം തിരിച്ചുവന്നു. ഈ ഇനത്തിൽ പെണ്‍കുട്ടികളും മോശമാക്കിയില്ല. 47.72 ഓടിയെത്തി അനുപമ ബിജു-അഗിന ബാബു-പി.ഒ. സയന-അഞ്ജലി ജോണ്സണ് കുട്ടുകെട്ട് നാലാംദിനത്തിലെ അവസാന സ്വർണവും കേരളത്തിന്റെ അക്കൗണ്ടിലെത്തിച്ചു.
ശ്രീശങ്കറിന്റെ ചാട്ടം ഫിൻലൻഡിലേക്ക്
അണ്ടർ 20 ലോംഗ്ജംപിൽ ആദ്യ ചാട്ടത്തിൽ തന്നെ പുതിയ മീറ്റ് റിക്കാർഡ് സ്ഥാപിച്ചാണ് ശ്രീശങ്കർ തിരികെ കയറിയത്. ഒപ്പം ഫിൻലൻഡിൽ അടുത്തവർഷം നടക്കുന്ന ലോക യൂത്ത് ചാന്പ്യൻഷിപ്പിലേക്കുള്ള യോഗ്യതയും. 2011ൽ ഹരിയാനയുടെ അങ്കിത് ശർമ സ്ഥാപിച്ച 7.57 മീറ്ററിന്റെ റിക്കാർഡാണ് 7.72 മീറ്ററാക്കി തിരുത്തിയത്.
പാലക്കാട് സ്വദേശിയായ ശ്രീശങ്കർ എൻഎസ്എസ് കോളജിലെ എൻജിനിയറിംഗ് വിദ്യാർഥിയാണ്. പരിക്കുമൂലം രണ്ടുമാസത്തോളം പുറത്തിരുന്നശേഷമായിരുന്നു രാജകീയ തിരിച്ചുവരവ്. ഈ ഇനത്തിൽ മുഹമ്മദ് സാലിഹ് വെള്ളിയെടുത്തത് കേരളത്തിന് ഇരട്ടി മധുരമായി. 7.56 മീറ്ററാണ് മലപ്പുറം തവന്തൂർ സ്വദേശിയായ ഈ പ്ലസ്ടുക്കാരൻ താണ്ടിയ ദൂരം.
ശ്രീശങ്കറിന്റെ റിക്കാർഡിനൊപ്പം ലിസ്ബത്ത് കരോളിൻ ജോസഫും കെ.ജി. ജെസണും കനകമണിഞ്ഞ് ചാട്ടത്തിലെ ആധിപത്യം നിലനിർത്തി. കോഴിക്കോട് പുല്ലൂരാന്പാറയുടെ മണിമുത്ത് ലിസ്ബത്ത് അണ്ടർ 18 പെണ്‍കുട്ടികളുടെ ട്രിപ്പിൾ ജംപിൽ അനായാസമാണ് സ്വർണം നേടിയത്.
കാര്യമായ മത്സരം എതിരാളികളിൽ നിന്ന് ഉണ്ടാകാതിരുന്നതോടെ തന്റെ മികച്ച ദൂരം താണ്ടാനാകാത്തതിന്റെ വിഷമത്തോടെയാണ് ലിസ്ബത്ത് ജംപിംഗ് പിറ്റ് വിട്ടത്. പൂനെയിൽ ചാടിയ 12.68 മീറ്ററിന് അടുത്തെത്തിയില്ലെങ്കിലും 12.35ൽ സ്വർണം ഉറപ്പിക്കാൻ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലെ ഈ പ്ലസ്ടുക്കാരിക്കായി. രണ്ടാം ചാട്ടത്തിലാണ് ഈ ദൂരം പിന്നിട്ടത്. ബാക്കി ചാട്ടങ്ങളെല്ലാം ഫൗളായതോടെ മെച്ചപ്പെട്ട പ്രകടനം നടത്താനായതുമില്ല.
അണ്ടർ 20 ആണ്‍കുട്ടികളുടെ പോൾവോൾട്ടിലായിരുന്നു ജെസണ്‍ സ്വർണച്ചാട്ടം നടത്തിയത്. 4.70 മീറ്റർ ചാടിയ ജെസനു പിന്നിൽ തമിഴ്നാടിന്റെ പി. ഗൗതം വെള്ളിയണിഞ്ഞു. കല്ലടി എംഇഎസ് കോളജിലെ ഡിഗ്രി വിദ്യാർഥിയായ ജെസണ്‍ പാല ജംപ്സ് അക്കാഡമിയിലാണ് പരിശീലിക്കുന്നത്. സ്വദേശം ചേർത്തല.
മൂന്നാം ദിനത്തിന്റെ പിന്തുടർച്ചയായി രണ്ടു സ്വർണമാണ് 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന് ഇന്നലെ കിട്ടിയത്. പി.ഒ. സയനയും അനന്തു വിജയനുമായിരുന്നു മെഡൽനേട്ടക്കാർ. അണ്ടർ 20 പെണ്‍കുട്ടികളിൽ 1:03.26 മിനിറ്റിലാണ് സയനയുടെ സ്വർണ പ്രകടനം. 18 വയസിൽ താഴെയുള്ള ആണ്‍കുട്ടികളിൽ അനന്തുവിന്റെ കനകം പിറന്നത് 53.33 സെക്കൻഡിലും.