തിരുവനന്തപുരം: തോരാമഴയിലും പോരാട്ടവീര്യം ഒട്ടും ചോരാതെ കോതമംഗലം എംഎ സ്പോർട്സ് അക്കാഡമി ചാന്പ്യൻപട്ടം സ്വന്തമാക്കി. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ഇന്റർക്ലബ് അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 13 സ്വർണവും 13 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 243 പോയിന്റുമായാണ് എംഎ ചാന്പ്യൻപട്ടത്തിൽ മുത്തമിട്ടത്.
ഒൻപതു സ്വർണവും 11 വെള്ളിയും ഒൻപതു വെങ്കലവും ഉൾപ്പെടെ 209 പോയിന്റുമായി മലബാർ സ്പോർട്സ് അക്കാഡമി പുല്ലൂരാംപാറ രണ്ടാമതും 18 സ്വർണവും അഞ്ചുവെള്ളിയും അഞ്ചു വെങ്കലവുമായി 207 പോയിന്റു നേടിയ തിരുവനന്തപുരം സായ് മൂന്നാമതുമെത്തി.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ രണ്ടു റിക്കാർഡുകളാണ് പിറന്നത്. ജൂണിയർ വനിതകളുടെ ട്രിപ്പിൾ ജംപിൽ കോതമംഗലം മാർ അതനേഷ്യസ് അക്കാഡമിയിലെ സാന്ദ്ര ബാബു 13.03 മീറ്റർ താണ്ടി റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. ഒപ്പം ഏഷ്യൻ ജൂണിയർ മീറ്റിലേക്കുള്ള ബർത്തും ഉറപ്പിച്ചു. കോതമംഗലത്തിന്റെ തന്നെ കെ. ആനന്ദ് കൃഷ്ണയാണ് റിക്കാർഡ് നേടിയ മറ്റൊരു താരം. ജൂണിയർ മെൻ വിഭാഗത്തിന്റെ 10000 മീറ്ററിൽ 32 മിനിറ്റ് 4.52 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ആനന്ദ് റിക്കാർഡിന് അർഹനായത്.
14ൽ താഴെയുള്ള പെണ്‍കുട്ടികളിൽ മലബാർ സ്പോർട്സ് അക്കാഡമി 32 പോയിന്റുമായി ഓവറോൾ ചാന്പ്യൻമാരായി. 16 പോയിന്റോടെ കോഴിക്കോട് ഉഷാ സ്കൂൾ രണ്ടാമതെത്തി. 16ൽ താഴെയുള്ളവരിൽ വേൾഡ് മലയാളി അക്കാഡമി പൂഞ്ഞാർ 44 പോയിന്റുമായി ഒന്നാമതും കോഴിക്കോട് മലബാർ സ്പോർട്സ് അക്കാഡമി 32 പോയിന്റുമായി രണ്ടാം സ്ഥാനത്തുമെത്തി.
18ൽ താഴെയുള്ളവരിൽ കോഴിക്കോട് മലബാർ സ്പോർട്സ് അക്കാഡമി 50 പോയിന്റുമായി ഒന്നാമതും കോതമംഗലം എംഎ 47 പോയിന്റുമായി രണ്ടാമതുമെത്തിയപ്പോൾ 20ൽ താഴെയുള്ള വനിതകളിൽ എംഎ കോതമംഗലം 88 പോയിന്റോടെ ഒന്നാമതും കോട്ടയം പാലാ അൽഫോൻസാ അത്ലറ്റിക് ക്ലബ് 76 പോയിന്റോടെ രണ്ടാമതുമെത്തി.
14ൽ താഴെയയുള്ള ആണ്‍കുട്ടികളിൽ വേൾഡ് മലയാളി ക്ലബ് പൂഞ്ഞാർ 23 പോയിന്റുമായി ഒന്നാമതും തിരുനെല്ലി അത്ലറ്റിക് അക്കാഡമി 14 പോയിന്റോടെ രണ്ടാമതും എത്തിയപ്പോൾ 16ൽ താഴെയുള്ളവരിൽ മലബാർ സ്പോർട് അക്കാഡമി പുല്ലൂരാംപാറ 43 പോയിന്റും തിരുവനന്തപുരം സായ് 27 പോയിന്റും നേടി.
18ൽ താഴെയുള്ളവരിൽ തിരുവനന്തപുരം ജിവി രാജ 48 പോയിന്റുമായി ഒന്നാമതും തിരുവനന്തപുരം സായ് 44 പോയിന്റുമായി രണ്ടാമതുമെത്തി. 20ൽ താഴെയുള്ളവരിൽ 85.5 പോയിന്റുമായി തിരുവനന്തപുരം സായ് ഒന്നാമതും 78 പോയിന്റുമായി കോതമംഗലം മാർ അത്തനേഷ്യസ് രണ്ടാം സ്ഥാനത്തുമെത്തി.
തോമസ് വർഗീസ്