പാലാ: പാലായിൽ നടന്ന സംസ്ഥാന ജൂണിയർ അത്ലറ്റിക്സ് മീറ്റിൽ ഹാമർ തലയിൽ വീണു വിദ്യാർഥിക്കു പരിക്കേൽക്കാനിടയായ സംഭവം അധികൃതരുടെ അനാസ്ഥ മൂലമാണെന്ന ആരോപണം ശക്തം. ജാവലിൻ, ഹാമർ മത്സരങ്ങൾ നടത്തുന്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണു പാലായിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഇതിനു പുറമേ കായികാധ്യപകരുടെ ചട്ടപ്പടി സമരം നടക്കുന്നതിനാൽ പലകാര്യങ്ങൾക്കും നിയോഗിച്ചിരുന്നതു വിദ്യാർഥികളെയായിരുന്നു. അത്ലറ്റിക്സ് അസോസിയേഷന് നിരവധി ഒഫീഷ്യൽസ് ഉണ്ടായിരുന്നിട്ടും സമരത്തിൽ പങ്കെടുക്കുന്നതിനാൽ പലരും പാലാ സ്റ്റേഡിയത്തിലേക്കു തിരിഞ്ഞുനോക്കിയതേയില്ല. വിദ്യാർഥികളെത്തന്നെ പോയിന്റ് എഴുതാനും ദൂരം അളക്കാനുമൊക്കെ നിയോഗിക്കേണ്ട ഗതികേടിലായിരുന്നു സംഘാടകർ.
അപകടമുണ്ടായതു സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും കായിക നിബന്ധനകൾക്ക് വിധേയമല്ലാതെയും ആവശ്യത്തിന് സുരക്ഷയൊരുക്കാതെയും സംസ്ഥാന മത്സരങ്ങൾപോലും തട്ടിക്കൂട്ടുതരത്തിൽ നടത്തുന്നത് തടയണമെന്നും കായികതാരങ്ങൾ ആവശ്യപ്പെട്ടു.
പ്രധാന ത്രോ മത്സരങ്ങൾ നടക്കുന്പോഴും സ്റ്റേഡിയത്തിനുള്ളിൽ തലങ്ങും വിലങ്ങും നടക്കുന്ന വോളണ്ടിയർമാരെ കാണാമായിരുന്നു. പരിക്കേറ്റതോടെ സംഘാടകർ അഫീലിന്റെ തെറ്റുകൊണ്ടാണു അപകടം സംഭവിച്ചതെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം നടത്തിയതായും പറയുന്നു. വിദ്യാർഥികളെ നിർബന്ധിച്ചാണു വോളന്റിയറാക്കിയതെന്നും ആക്ഷേപമുണ്ട്.
കളക്ടറുടെ റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും
കോട്ടയം: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിൽ വിദ്യാർഥിയുടെ തലയിൽ ഹാമർ വീണുണ്ടായ അപകടത്തിന്റെ അടിയന്തര റിപ്പോർട്ട് കോട്ടയം ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു ഉടൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനു സമർപ്പിക്കും.
അപകടത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ പാലാ ആർഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. ആർഡിഒ തയാറാക്കുന്ന റിപ്പോർട്ട് ഇന്നു തന്നെ ജില്ലാ കളക്ടർക്കു ലഭിക്കും. തുടർന്നായിരിക്കും റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്കു സമർപ്പിക്കുക. അപകടമുണ്ടായ ഉടൻ തന്നെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ജില്ലാ കളക്്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.