കറന്‍സി റദ്ദാക്കല്‍ രാജ്യത്ത് വിതച്ച ദുരിതങ്ങള്‍ ഒഴിയുന്നില്ല. ഒന്നിനു പുറകെ ഒന്നായി അവ ഇങ്ങനെ നമ്മുടെ മുന്നില്‍ നിറഞ്ഞാടുകയാണ്. മാസാദ്യം പെന്ഷന് തുകയ്ക്കായ് ക്യൂ നില്ക്കുന്ന വയോധികന്റെ ചിത്രം കരളലിയിക്കുന്നതാണ്. റദ്ദാക്കിയ നോട്ടുമായി ബാങ്കിനു മുന്നില്‍ ക്യൂ നില്ക്കുന്നവരുടെ ചിത്രങ്ങള്‍ അനുദിനം വിവിധ മാധ്യമങ്ങിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും പ്രധാനമായ ചടങ്ങുകളില്‍ ഒന്നാണ് വിവാഹം. ആഡംബര വിവാഹങ്ങള്‍ക്ക് പേരുകേട്ട ഇടമാണു നമ്മുടെ നാട്. ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തം. അത് അവിസ്മരണീയമാം രീതിയില്‍ നടത്തുക എന്നതാണ് രീതി. ഉള്ള കഴിവിനനുസരിച്ച് നമ്മള് അതേറ്റവും മനോഹരമാക്കി തീര്‍ക്കുകയും ചെയ്യുന്നു.
എന്നാല്‍, കറന്‍സി റദ്ദാക്കല്‍ വിവാഹവേദികളെ ആഘോഷങ്ങള്‍ ഇല്ലാത്ത പൂരമാക്കി മാറ്റിയിരിക്കുകയാണ്. ക്ഷണിക്കപ്പെട്ടെത്തിയവര്ക്ക് ചായ മാത്രം നല്കി പറഞ്ഞുവിടേണ്ട ഗതികേടിലാണ് പല വീട്ടുകാരും. അത്തരമൊരു കഥയാണ് ജെയ്സല്മീറില് അരങ്ങേറിയത്. വിവാഹദിവസം മണ്ഡപത്തില്‍ അണിഞ്ഞോരുങ്ങി നില്‍ക്കേണ്ട വരന് ക്യൂവിലാണ്. ബിവറേജിനു മുന്നിലാണെന്ന് തെറ്റിദ്ധരിക്കേണ്ട. എടിഎമ്മിനു മുന്നിലുള്ള ക്യൂവിലാണ് വരന് നില്‍ക്കുന്നത്.
മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് ഒടുവില്‍ അയാളുടെ ഊഴം വന്നത്. തെല്ലൊരു നിശ്വാസത്തോടെ എടിഎമ്മില്‍ കാര്‍ഡ് സൈ്വപ് ചെയ്ത് പണത്തിനായി കൈനീട്ടിയപ്പോള്‍ കിട്ടിയത് ഒരു സ്ലിപ്പ്. പണമില്ലെന്നാണ് കുറിപ്പിന്റെ സാരം. എടിഎം പറ്റിച്ച പണിയേ! പാവം! എന്തായാലും പണം കിട്ടാതെ പോവില്ലെന്നു ശഠിച്ച വരന് എടിഎമ്മിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. ഒടുവില്‍ കാര്യമറിഞ്ഞപ്പോള്‍ സങ്കടം തോന്നിയ നാട്ടുകാര്‍ പിരിച്ചുനല്‍കിയ 20,000 രൂപയുമായാണ് വരന് വിവാഹവേദിയില്‍ എത്തിയത്. മറക്കാനാവത്ത ഒരു വിവാഹദിനം!