കോഴഞ്ചേരി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറ്റിഎം കൗണ്ടറിലൂടെ ഇടപാടുകാർക്കു ലഭിക്കുന്ന നോട്ടുകൾ കീറിയതും മാറിയെടുക്കാൻ കഴിയാത്തതുമാണെന്നും പരാതി. തിരുവല്ല – കുന്പഴ സംസ്ഥാന പാതയിലെ പുല്ലാട് – മാടോലിൽ പടിക്കൽ ജംഗ്ഷനിലുള്ള എസ്ബിഐയുടെ എറ്റിഎം കൗണ്ടറിൽനിന്ന് കഴിഞ്ഞ കഴിഞ്ഞ ദിവസമാണ് പുല്ലാട് ശാഖയിലെ ഒരു ഇടപാടുകാരൻ 25,000 രൂപ പിൻവലിച്ചത്. തനിക്ക് ലഭിച്ച നോട്ടുകളിൽ 2000 ന്റെ മൂന്ന് നോട്ടുകൾ കീറിയതായിരുന്നെന്നും കീറിയത് മറയ്ക്കുന്നതിനായി വെളള പേപ്പർ ഒട്ടിച്ചതായിരുന്നെന്നും പറയുന്നു.
കീറിയ നോട്ടുകൾ എസ്ബിഐയുടെ പുല്ലാട് ശാഖയിലെ മാനേജരെ കാണിക്കുകയും പരാതിപ്പെടുകയും ചെയ്തപ്പോൾ പുല്ലാട് – മാടോലി ജംഗ്ഷനിലുള്ള എറ്റിഎം ശാഖ തങ്ങളുടെ ഉത്തരവാദിത്വത്തിലും ചുമതലയിലുള്ളതല്ലെന്നും ഇവിടെ പണം നിക്ഷേപിക്കാനുള്ള അവകാശം ഒരു സ്വകാര്യ സ്ഥാപനത്തിന് ആണെന്നും പറഞ്ഞ് മാനേജർ തടിതപ്പിയെന്നാണ് പരാതി.
കീറിയ നോട്ടുകൾ മാറണമെങ്കിൽ തിരുവല്ലയിലെ കഐസ്ആർടിസി ബസ് ഡിപ്പോയുടെ എതിർവശത്തുളള എസ്ബിഐയുടെ ശാഖയിലെ കാഷ് ഡിപ്പാർട്ടുമെന്റിൽ സമീപിച്ചാൽ മതിയെന്നും നിർദേശിച്ചു.പിന്നീട് കീറിയ നോട്ടുകൾ തിരുവല്ലയിലെ ശാഖയിലെത്തി മാറിയെടുത്തുവെങ്കിലും ഇതുമൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചതായി ഇടപാടുകാരൻ പറഞ്ഞു.