അരുവിക്കുഴി: ജില്ലയിലെ ടൂറിസം കേന്ദ്രമായ അരുവിക്കുഴിയിൽ പ്രവർത്തിക്കുന്ന എസ്ബിടി എടിഎമ്മിന്റെ പ്രവർത്തനം നിർത്താൻ നീക്കമെന്ന് ആരോപണം. ജോലിഭാരത്തിന്റെ പേരിൽ ചില ഉദ്യോഗസ്ഥരാണ് എടിഎം നിർത്താനുള്ള നീക്കത്തിനു പിന്നിലെന്നാണ് ആരോപണം.
നോട്ടുനിരോധനം വന്നതിൽ പിന്നെ ഇതുവരെ എടിഎമ്മിൽ ബാങ്ക് അധികൃതർ പണം നിക്ഷേപിച്ചിട്ടില്ല. അതിനു മുന്പ് ചില ദിവസങ്ങളിൽ യന്ത്രത്തകരാറാണെന്നു അറിയിച്ച് എടിഎം പ്രവർത്തിപ്പിച്ചിരുന്നില്ല. തിരക്കേറിയ പള്ളിക്കത്തോട് -കോട്ടയം റോഡിൽ സ്ഥിതി ചെയ്യുന്ന എടിഎം വളരെയേറെപ്പേർക്ക് പ്രയോജനപ്പെട്ടിരുന്നു.
എടിഎം നിർത്താനുള്ള നീക്കത്തിൽ കേരള കോണ്ഗ്രസ് എം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗം പ്രതിഷേധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം. ജയിംസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെന്നി അഞ്ചാനി, തങ്കച്ചൻ പുതുപ്പറന്പിൽ, ജോസ് അറയ്ക്കൽ , ഡാജു മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.