കോഴിക്കോട്: ബാങ്ക് അവധി ദിനങ്ങളിൽ എടിഎം കൗണ്ടറുകളിൽ പണം ഇല്ലാതാകുന്നത് പതിവാകുന്നു. അവധി ദിനങ്ങൾക്ക് തലേ ദിവസം തന്നെ എടിഎം കൗണ്ടർ കാലിയാവുകയാണ്. അവധി ദിനങ്ങൾക്ക് മുന്പ് എടിഎം കൗണ്ടറുകളിൽ പണം നിറയ്ക്കാറുണ്ടെന്ന് ബാങ്ക് അധികൃതർ പറയുന്പോഴും ഉപഭോക്താക്കൾ പണം ലഭിക്കാതെ വലയുകയാണ്.
മാനാഞ്ചിറയിലെ എസ്ബിഐ മുഖ്യ ശാഖയോട് ചേർന്നുള്ള എടിഎം കൗണ്ടറിൽ അവധി ദിനങ്ങളിൽ പണമില്ലാതാകുന്നത് നഗരത്തിലെത്തുന്നവരെ വലിയ തോതിൽ പ്രയാസപ്പെടുത്തുന്നുണ്ട്. മാനാഞ്ചിറയിൽ ആറ് എടിഎം കൗണ്ടറാണ് പ്രവർത്തിക്കാറുള്ളത്. ഇവിടെ ഒരു കൗണ്ടറിൽ പോലും അവധി ദിവസങ്ങളിൽ പണമുണ്ടാവാറില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. രണ്ടാം ശനിയാഴ്ച്ചയ്ക്കും നാലാം ശനിയാഴ്ച്ചയ്ക്കും മുന്പുള്ള വെള്ളിയാഴ്ച്ചകളിൽ ഉച്ചയോടെ തന്നെ ഇവിടുത്തെ എടിഎം കൗണ്ടർ കാലിയാകുന്നതായി നാട്ടുകാർ പറയുന്നു.
കൗണ്ടറിൽ പണം തീർന്നതിനെ തുടർന്ന് ഇവിടെ പണമില്ലെന്ന് ബോർഡ് സ്ഥാപിക്കുന്നതാണ് രീതി. കൗണ്ടറുകൾ സർവീസ് ചെയ്യുന്നതിനാലാണ് പണമില്ലാത്തതെന്നാണ് അധികൃതർ നൽകിയ വിശദീകരണം. എന്നാൽ കഴിഞ്ഞ മാസവും അവധി ദിവസങ്ങൾക്ക് മുന്പുള്ള പ്രവർത്തി ദിവസം ഇതേ അവസ്ഥയായിരുന്നുവെന്ന് ഉപഭോക്താക്കൾ കുറ്റപ്പെടുത്തി.
നോട്ട് നിരോധനത്തിൻറെ പ്രയാസങ്ങൾ ഒരു വിധം കെട്ടടങ്ങിയതോടെ നഗരത്തിലെത്തുന്ന ജനങ്ങളിൽ ഭൂരിഭാഗവും മാനാഞ്ചിറയിലെ എടിഎം കൗണ്ടറിലാണ് പണം പിൻവലിക്കാൻ എത്തുന്നത്. മാനാഞ്ചിറക്ക് സമീപം മറ്റ് കൗണ്ടറുകളിൽ ചില്ലറ നോട്ടുകൾ ലഭിക്കുന്നത് കുറവാണെന്നും ഉപഭോക്താക്കളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. അതേസമയം ഗ്രാമപ്രദേശങ്ങളിലും സമാന അനുഭവമാണ്. ഗ്രാമപ്രദേശത്ത് ദേശസാൽകൃത ബാങ്കിൻന്റെ എടിഎം കൗണ്ടറിൽ 2000 രൂപയുടെ നോട്ട് ലഭിക്കുന്നുണ്ടെങ്കിലും 500,100 രൂപയു നോട്ടുകൾ ലഭിക്കുന്നില്ല. ഇവിടങ്ങളിൽ സ്വകാര്യ ബാങ്കുകളുടെ എടിഎം കൗണ്ടറുകൾ അവധി ദിവസം പണിമുടക്കുകയാണെന്നും ഉപഭോക്താക്കൾ പറയുന്നു.