എം.സുരേഷ്ബാബു
തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ട് ക്ഷാമം കൂടുതൽ രൂക്ഷമായി. നഗര-ഗ്രാമ പ്രദേശങ്ങളിലെ എടിഎമ്മുകൾ കാലിയായി. വിഷു- ഈസ്റ്റർ ആഘോഷത്തിന് പണം കിട്ടാതെ ജനങ്ങൾ നെട്ടോട്ടം ഓടുന്ന കാഴ്ചയാണ് സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും കാണുന്നത്. ബാങ്കുകളിൽ നോട്ടുകൾ എത്താത്തതാണ് നിലവിൽ നോട്ട് ക്ഷാമത്തിന് കാരണമെന്നാണ് വിവിധ ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.
റിസർവ് ബാങ്കിൽ നിന്നും ബാങ്കുകളിലേക്ക് എത്തിച്ചിരുന്ന പണം കുറച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നോട്ടുകളുടെ അഭാവം സർക്കാരിന്റെ ക്ഷേമപെൻഷനുകളെയും സർക്കാരിന്റെ ബിസിനസിനെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.
ഗ്രാമപ്രദേശങ്ങളിൽ നേരത്തെ നോട്ടുക്ഷാമം ബാധിച്ചിരുന്നു. അതേസമയം തലസ്ഥാനമുള്പ്പെടെയുള്ള നഗരമേഖലകളിൽ ഓരോദിവസം കഴിയുന്തോറും കാലിയാകുന്ന എടിഎമ്മുകളുടെ എണ്ണം കൂടുകയാണ്. എന്നത്തേക്ക് നോട്ടുക്ഷാമം പരിഹരിക്കപ്പെടുമെന്ന് കൃത്യമായി ഉറപ്പുനൽകാനും അധികൃതർക്ക് സാധിക്കുന്നില്ല.
എടിഎമ്മുകളിൽ അടിയന്തിരമായി പണം നിറച്ചില്ലെങ്കിൽ ഈ വർഷത്തെ വിഷു- ആഘോഷം ജനങ്ങളെ ദുരിതത്തിലാഴ്ത്തും. സംസ്ഥാനത്തെ നോട്ട് ക്ഷാമം പരിഹരിക്കാനായി സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിൽ ലഭിക്കുന്ന പണം ട്രഷറികളിൽ അടയ്ക്കാൻ ധനകാര്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ലോട്ടറി വകുപ്പിനും ബിവറേജസ് കോർപ്പറേഷനും ലഭിക്കുന്ന പണം ട്രഷറികളിൽ അടയ്ക്കുന്നത് നിലവിലെ നോട്ട് ക്ഷാമത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ നിഗമനം.
ഈ മാസം ക്ഷേമ പെൻഷൻ, ശന്പള വർധനവ് ഉൾപ്പെടെ നൽകാൻ 2000 കോടി രൂപയുടെ നോട്ട് വേണം. എന്നാൽ റിസർവ് ബാങ്കിൽ നിന്നും കൂടുതൽ നോട്ടുകൾ ഉടൻ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ബാങ്ക് ജീവനക്കാർ. നിലവിലെ നോട്ട് ക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് സർക്കാർ കേന്ദ്രധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും കത്ത് നൽകിയിട്ടുണ്ട്.