പണമെടുക്കാന്‍ ആളില്ലാത്തതിനെത്തുടര്‍ന്നാണ് എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതി ഇന്ത്യാക്കാര്‍ ഏറ്റെടുത്തതോടെയാണ് ബാങ്കുകള്‍ എടിഎമ്മുകള്‍ പലതും പൂട്ടിയതും ഇനിയും പലതും പൂട്ടാനൊരുങ്ങുന്നതെന്നുമാണ് ചിലയിടങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ട്. പ്രധാനമായും നഗരങ്ങളിലെ ജനങ്ങളാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഉപഭോക്താക്കളായി മാറിയത്.
ജനങ്ങള്‍ പണമിടപാട് മുഴുവന്‍ ഡിജിറ്റല്‍ സംവിധാനം വഴി നടത്താന്‍ തുടങ്ങി. അതോടെ ജൂണിനും ഓഗസ്റ്റിനുമിടയ്ക്ക് പൂട്ടിയത് 358 എടിഎമ്മുകളാണ്. നാലുവര്‍ഷം മുന്‍പ് വരെ എടിഎമ്മുകളുടെ എണ്ണം പ്രതിവര്‍ഷം 16.4 ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത് 3.6 ശതമാനമായി കുറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം എടിഎം ഉപയോഗത്തില്‍ കുറവുണ്ടായതും അടച്ചുപൂട്ടാന്‍ ഒരു കാരണമായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ എടിഎം ഉളള എസ്.ബി.ഐ എടിഎമ്മുകളുടെ എണ്ണം ജൂണ്‍ ആയപ്പോഴേക്കും 59291ല്‍ നിന്ന് 59,200 ആയി കുറച്ചിരുന്നു.
അതുപോലെതന്നെ എച്ച് ഡി എഫ്സി 12,230 നിന്ന് 12,225 ആയും പഞ്ചാബ് നാഷണല്‍ ബാങ്ക് 10,502 ല്‍ നിന്ന് 10,083 ആയി കുറച്ചു. മുംബൈയിലെ വിമാനത്താവളങ്ങള്‍ പോലുള്ള പ്രധാന കേന്ദ്രങ്ങളില്‍ 35 ചതുരശ്ര അടിയിലുള്ള എടിഎമ്മുകള്‍ക്ക് പ്രതിമാസം 40,000 രൂപയാണ് പ്രവര്‍ത്തന ചെലവ്. മെട്രോ നഗരങ്ങളായ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ 8000 മുതല്‍ 15,000 വരെയാണ് ചെലവ്. ഇത് കൂടാതെ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം, അറ്റക്കുറ്റപ്പണി, വൈദ്യുതി എന്നിവയെല്ലാം കൂടിയാകുമ്പോള്‍ ചെലവ് 30,000 രൂപയില്‍ എത്തും. എല്ലാദിവസവും 15-18 സെന്റിഗ്രേഡ് ചൂടിലാണ് കിയോസ്‌കുകള്‍ സൂക്ഷിക്കുന്നത്. ഇതിന് കൂടുതല്‍ വൈദ്യുതി ആവശ്യമാണ്.