കൊല്ലം: ചെറിയ തുകയ്ക്കുള്ള നോട്ടുകൾ കൂടി എടിഎമ്മുകൾ വഴി വിതരണം ചെയ്യാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശം നൽകി. എടിഎമ്മുകൾ വഴി പണം പിൻവലിക്കുന്ന ലക്ഷക്കണക്കിന് ഇടപാടുകാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ നിർദേശം.
എസ്ബിഐ അടക്കമുള്ള രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഭൂരിപക്ഷത്തിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി 500 രൂപയുടെ നോട്ടുകൾ മാത്രമാണ് എടിഎമ്മുകൾ വഴി വിതരണം ചെയ്തിരുന്നത്. ഇതിന് മാറ്റം വരുത്തി 200, 100 രൂപയുടെ നോട്ടുകൾ കൂടി ഉൾപ്പെടുത്തി വിതരണം ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശത്തിൽ പറയുന്നത്.
ദേശസാത്കൃത മേഖലയിലെ നല്ലൊരു പങ്ക് ബാങ്കുകളുടെയും എടിഎമ്മുകളിൽ നിന്ന് ഏറ്റവും കുറഞ്ഞത് 500 രൂപ മാത്രമേ നിലവിൽ പിൻവലിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇത് ഇടപാടുകാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ ഇടപെടൽ ഉണ്ടായിട്ടുള്ളത്. ബാങ്കിൽ നേരിട്ട് എത്തി പണം പിൻവലിക്കുമ്പോഴും 500 രൂപയുടെ നോട്ടുകളാണ് ഇടപാടുകാർക്ക് കൂടുതലും ലഭിച്ചിരുന്നത്.
ഇതിന് പരിഹാരം കാണാൻ 200 മുതൽ താഴോട്ടുള്ള തുകയുടെ നോട്ടുകൾ ബാങ്ക് ശാഖകളിൽ ആവശ്യാനുസരണം നിർബന്ധമായും ഉണ്ടാകണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എസ്ബിഐ കേരളത്തിലെ എടിഎമ്മുകളിൽ 200, 100 രൂപയുടെ നോട്ടുകൾ എടിഎമ്മുകളിൽ ഉൾപ്പെടുത്തി തുടങ്ങി.
പുതുതലമുറ ബാങ്കുകളുടെ എടിഎമ്മുകളിലും സ്വകാര്യ എടിഎമ്മുകളിലും 50 രൂപയുടെ നോട്ടുകൾ വരെ ലഭ്യമാണ്. എന്നാൽ ഇവയുടെ എണ്ണം പരിമിതമായതിനാൽ ഇടപാടുകാർക്ക് കാര്യമായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല.
ബാങ്കുകളുടെ പ്രവർത്തി ദിനങ്ങൾ മാറിയേക്കും
രാജ്യത്ത് ബാങ്കുകളുടെ പ്രവർത്തി ദിനങ്ങളിൽ മാറ്റം വന്നേക്കും. ആഴ്ചയിൽ അഞ്ച് ദിവസം മാത്രമായി ബാങ്കുകളുടെ പ്രവർത്തനം നിജപ്പെടുത്താനാണ് സാധ്യത.
ഇത് സംബന്ധിച്ച് ഇന്ത്യൻ ബാങ്ക് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും തമ്മിൽ ചർച്ച നടത്തി ധാരണയിൽ എത്തിയിട്ടുണ്ട്. ഇത് റിസർവ് ബാങ്ക് അംഗീകരിക്കണം. തുടർന്നാണ് സർക്കാർ തീരുമാനം വരിക. ഡിസംബർ മുതലോ 2025 ജനുവരി മുതലോ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.
നിലവിൽ രണ്ടാം ശനി, നാലാം ശനി, ഞായർ ദിവസങ്ങളിലാണ് പൊതുമേഖലാ ബാങ്കുകൾക്ക് അവധിയുള്ളത്. മറ്റ് പൊതു അവധി ദിനങ്ങൾ വേറെയും. ആഴ്ചയിൽ അഞ്ച് ദിവസമായി ബാങ്കുകൾ തുറക്കുന്നത് കുറയ്ക്കുകയാണെങ്കിൽ ശാഖകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരും.
നിലവിലെ പ്രവർത്തന സമയം രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ്. ഇത് രാവിലെ 9.45 മുതൽ വൈകുന്നേരം 5.30 വരെ ആയി മാറുമെന്നാണ് വിവരം. ഈ മാറ്റം ജീവനക്കാരുടെ സംഘടനകൾ ഇതിനകം അംഗീകരിച്ചിട്ടുണ്ട്.
- എസ്.ആർ. സുധീർ കുമാർ