വൈപ്പിൻ: സഹോദരങ്ങളായ ശ്രീകാന്തിന്റെയും ശ്രീലക്ഷ്മിയുടേയും സത്യസന്ധതയിൽ ഞാറക്കൽ മഞ്ഞനക്കാട് സ്വദേശിയായ യുവതിക്ക് എടിഎമ്മിൽ വച്ച് നഷ്ടപ്പെട്ട 15000 രൂപ തിരികെ ലഭിച്ചു.
കഴിഞ്ഞ ദിവസം ഞാറക്കലെ മാഞ്ഞൂരാൻ കെട്ടിടത്തിലുള്ള ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ പണം എടുക്കാൻ എത്തിയതായിരുന്നു വിദ്യാർഥികളായ നായരന്പലം രാമാടിയിൽ ശ്രീലക്ഷ്മിയും ശ്രീകാന്തും.
അപ്പോഴാണ് കാഷ് ബോക്സിൽ പണം കണ്ടത്. തുടർന്ന് ഇരുവരും പണവുമായി ഞാറക്കൽ പോലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ പറയുകയും പണം ഏൽപ്പിക്കുകയും ചെയ്തു.
പോലീസ് ഉടൻ ഫെഡറൽ ബാങ്ക് മാനേജരുമായി ഫോണിൽ ബന്ധപ്പെട്ട് വിവരം കൈമാറി. തുടർന്ന് ഇടപാടുകാരൻ ആരെന്ന് മനസിലാക്കി പണത്തിന്റെ യഥാർഥ അവകാശിയായ മഞ്ഞനക്കാട് സ്വദേശി ഭവിതയെ വിവരം അറിയിച്ചു.
കുട്ടികൾ എത്തുന്നതിനു 15 മനിറ്റ് മുന്പേ ഭവിത പണം എടുക്കാൻ ശ്രിച്ചെങ്കിലും ലഭിക്കാതെ വന്നപ്പോൾ തിരികെ പോവുകയായിരുന്നു. എന്നാൽ പണം ബോക്സിൽ വന്നിട്ടുണ്ടായിരുന്നു.
ഇതറിയാതെ എടിഎമ്മിൽനിന്ന് ഇറങ്ങിയ ഇവർക്ക് പണം പിൻവലിച്ചതായ സന്ദേശം ഫോണിൽ എത്തിയതോടെ പരിഭ്രാന്തിയായി.
തുടർന്ന് ബാങ്കിൽ വിവരം അറിയിക്കാനായി തിരികെ വരുംവഴിയാണ് മാനേജരുടെ ഫോണ് കോൾ ലഭിച്ചത്. തുടർന്ന് ജൂണിയർ എസ്ഐ ഡിപിന്റെ സാന്നിധ്യത്തിൽ ഞാറക്കൽ പോലീസ് സ്റ്റേഷനിൽവച്ച് സഹോദരങ്ങൾതന്നെ പണം യുവതിക്ക് കൈമാറി.