നെല്ലിയാന്പതി: മലയോരമേഖലയായ നെല്ലിയാന്പതിയിൽ പ്രവർത്തിക്കുന്ന ഏക എടിഎം കൗണ്ടർ ആഴ്ചകളായി അടഞ്ഞുകിടക്കുന്നു. ശന്പളം ബാങ്ക് അക്കൗണ്ടിലൂടെ ആക്കിയതിനാൽ തോട്ടംതൊഴിലാളികളാണ് സാന്പത്തികപ്രതിസന്ധിയിൽപ്പെട്ട് വട്ടംകറങ്ങുന്നത്. കൂടാതെ സർക്കാർ ജീവനക്കാരും വിനോദസഞ്ചാരികളുംമറ്റും ബുദ്ധിമുട്ടുന്നു.
കൈകാട്ടിയിലുള്ള ഈ എടിഎം കൗണ്ടർ പ്രവർത്തനംനിലച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും നടപടിയെടുത്തിട്ടില്ല. നെല്ലിയാന്പതിക്കാർക്ക് മറ്റൊരു എടിഎമ്മിനെ സമീപിക്കണമെങ്കിൽ 35 കിലോമീറ്റർ യാത്രചെയ്ത് നെന്മാറയിൽ എത്തണം
. കാലവർഷം ശക്തിപ്രാപിച്ചതോടെ നെന്മാറ-നെല്ലിയാന്പതി റോഡിൽ ദിനംപ്രതി വാഹനതടസ്സമുണ്ടാവുന്ന സാഹചര്യവുമാണ്.
ഇതിനാൽ തുച്ഛമായ വേതനം ലഭിക്കുന്ന തോട്ടംതൊഴിലാളികൾ നെന്മാറയിൽപോയി എടിഎമ്മിൽനിന്നും പണം എടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ബാങ്ക് അധികൃതർ കൈകാട്ടിയിലെ എടിഎം അടിയന്തിരമായി പ്രവർത്തിപ്പിക്കണമെന്നാണ് ജനകീയ ആവശ്യം. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും ബാങ്ക് ഹെഡ് ഓഫീസിനും പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ് നെല്ലിയാന്പതി നിവാസികൾ.