ചിങ്ങവനം: വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശിയായ റഹീം (22) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2023ൽ കോട്ടയം കോപറേറ്റീവ് അർബൻ ബാങ്കിന്റെ ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി ഒരുകോടിയില്‍പരം രൂപ തട്ടിയെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കേസിൽ ഇവർക്ക് വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ തരപ്പെടുത്തിനൽകിയത് ഇയാളാണെന്ന് കണ്ടെത്തുകയും, തുടർന്ന് ഇയാളെ പുനെയിൽ നിന്നു പിടികൂടുകയുമായിരുന്നു.
ഇവര്‍ ബാങ്കിന്റെ എടിഎമ്മുകളിൽ കയറി പണം എടുത്തതിന് ശേഷം ഉപയോഗിച്ച കാര്‍ഡിന്റെ ബാങ്കിനെ വിളിച്ച് പണം ലഭിച്ചില്ല എന്ന് അറിയിക്കുകയും, തുടർന്ന് ബാങ്ക് വീണ്ടും ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കുകയുമായിരുന്നു.
ഇത്തരത്തില്‍ ഇവര്‍ കോട്ടയം നഗരത്തിലെ കോപ്പറേറ്റീവ് അർബൻ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 68 ലക്ഷത്തോളം രൂപയും തട്ടിയെടുത്തിരുന്നു, ഈ കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ തിവാരിയെ കഴിഞ്ഞദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ കേസിലെ മുഖ്യപങ്കാളിയായ റഹീം പോലീസിന്റെ പിടിയിലാവുന്നത്. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.