ചക്കരക്കൽ(കണ്ണൂർ): റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നു 30,000 രൂപയും എടിഎം കാർഡും അടങ്ങിയ പേഴ്സ് കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ.
പുതിയതെരു ചിറക്കൽ സ്വദേശി നൗഷാദിനെയാണ് (56) ചിറക്കലിൽ വച്ച് കണ്ണൂർ എസിപി രത്നകുമാർ, ചക്കരക്കൽ സിഐ എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
ഓട്ടോ ഡ്രൈവർ മൗവ്വഞ്ചേരി മുതുകുറ്റിയിലെ സാബിറാസിൽ എ.വി.റാഷിദിന്റെ പണവും എടിഎം കാർഡുമായിരുന്നു മോഷണം പോയത്.
ഇക്കഴിഢഞ്ഞ 18ന് ഉച്ച കഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കും ഇടയിൽ ഇരിവേരി വില്ലേജ് ഓഫീസിനു മുൻവശം നിർത്തിയിട്ടിരുന്ന ഓട്ടോയുടെ ഡാഷ് ബോഡ് തകർത്ത് ഇതിൽ സൂക്ഷിച്ച പണവും എടിഎം കാർഡുമടങ്ങിയ പേഴ്സായിരുന്നു കവർന്നത്.
സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.