സ്വന്തം ലേഖകൻ
തൃശൂർ: എടിഎം കൗണ്ടർ തകർക്കാൻ മാത്രമല്ല ഉപയോക്താക്കളുടെ എടിഎം കാർഡ് പിൻ നന്പർ ഹാക്ക് ചെയ്യുന്നതിനുള്ള വിദ്യകളും യൂ ട്യൂബ് ട്യൂട്ടോറിയൽ വീഡിയോകളിൽ സുലഭം. കഴിഞ്ഞ ദിവസം തൃശൂർ കിഴക്കുംപാട്ടുകരയിൽ എടിഎം കൗണ്ടർ തകർക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവർ യൂ ട്യൂബ് ട്യൂട്ടോറിയലിലെ വീഡിയോ കണ്ടാണ് മോഷണത്തിനെത്തിയതെന്ന് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
യൂ ട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുള്ള വീഡിയോകളിൽ എടിഎം കവർച്ചകൾ എങ്ങിനെ നടത്താമെന്നതിനെക്കുറിച്ചും നടത്തിയിട്ടുള്ള കവർച്ചകളെക്കുറിച്ചുമെല്ലാം വിശദീകരണങ്ങളുണ്ട്. ഇത് പല മോഷണങ്ങൾക്കും സഹായകമാകുന്നുണ്ടെന്ന് വ്യക്തം. പിൻ നന്പറുകൾ എങ്ങിനെ ഹാക്ക് ചെയ്യാമെന്നും ഇതിലൂടെ വിശദമാക്കുന്നുണ്ട്. എടിഎം മോഷണങ്ങൾ നടത്താനിറങ്ങുന്നവർ ഇത്തരം വീഡിയോകൾ തുടർച്ചയായി കണ്ട് പഠിച്ചാണ് മോഷണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് പോലീസ് പറയുന്നു.
ഇത്തരം ട്യൂട്ടോറിയൽ വീഡിയോകൾ ബ്ലോക്ക ്ചെയ്തില്ലെങ്കിൽ യൂ ട്യൂബ് വഴി മോഷണത്തിന്റെ പുതിയ വിദ്യകൾ പഠിച്ച് മോഷ്ടാക്കൾ വിലസുമെന്ന് പരക്കെ ആശങ്കയുണ്ട്. യൂ ട്യൂബിലുള്ള ഇത്തരം വീഡിയോകൾ ബ്ലോക്ക് ചെയ്യാൻ സൈബർ സെൽ വഴി പലപ്പോഴും പോലീസ് ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകാറുണ്ട്.
സ്ഥിരമായി മൊബൈൽ ഫോണ് ഉപയോഗിക്കുന്നവരാണ് പിടിയിലായ രണ്ടുപേരുമെന്നും അങ്ങിനെയാണ് യൂ ട്യൂബ് ട്യൂട്ടോറിയൽ വഴി കാര്യങ്ങൾ മനസിലാക്കി ഇവർ എടിഎം കൗണ്ടർ മോഷണത്തിന് പദ്ധതിയിട്ടതെന്നും പോലീസ് പറഞ്ഞു. എടിഎം മെഷിൻ ഓണാക്കാനും ഓഫാക്കാനുമുള്ള വിദ്യകൾ ഇവർ പഠിച്ചെടുത്തിരുന്നു. പൊതുവെ ടെക്നീഷ്യൻമാർക്ക് മാത്രം അറിയാവുന്ന കാര്യമാണിത്.
ആശങ്കയിൽ പോലീസ്
യൂ ട്യൂബ് ട്യൂട്ടോറിയലിലെ മോഷണപാഠങ്ങൾ കണ്ടു പഠിച്ചാണ് എടിഎം കവർച്ചക്കിറങ്ങിയതെന്ന് പ്രതികളുടെ വെളിപ്പെടുത്തൽ കൂടുതൽ പേരെ ഈ വീഡിയോകൾ കാണാൻ പ്രേരിപ്പിക്കുമെന്ന ആശങ്കയിൽ പോലീസ്. പ്രതികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് നിരവധി പേർ ഇപ്പോൾത്തന്നെ ഇത്തരം വീഡിയോകൾ കണ്ടിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഇത് പ്രചോദനമായി കൂടുതൽ പേർ മോഷണത്തിലേക്കറിങ്ങുമോ എന്നാണ് പോലീസിന്റെ ആശങ്ക.
തെളിവെടുപ്പിന് കൊണ്ടുപോകും
കിഴക്കുംപാട്ടുകരയിൽ കനറാ ബാങ്ക് എടിഎം തകർത്ത് പണം കവരാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേരെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. തൃശൂർ റെയിൽവേ സ്റ്റേഷനു സമീപം പഴക്കച്ചവടം നടത്തിയിരുന്ന കാസർഗോഡ് സ്വദേശി മെഹ്റൂഫ് (34), കോട്ടയം സ്വദേശി സതീഷ് (32) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇതിൽ മെഹ്റൂഫ് അടിപിടി കേസുകളിൽ നേരത്തെ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സതീഷിനെതിരെ വേറെ കേസുകളൊന്നുമില്ല.
കഴിഞ്ഞ ദിവസമാണ് കിഴക്കുംപാട്ടുകരയിലെ കനറാ ബാങ്ക് ശാഖയോടു ചേർന്ന എടിഎം കൗണ്ടറിൽ മോഷണശ്രമം നടന്നത്. കന്പിപ്പാര ഉപയോഗിച്ച് എടിഎം കൗണ്ടർ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പണം കൈക്കലാക്കാൻ ഇവർക്കു സാധിച്ചിരുന്നില്ല. മെഹ്റൂഫാണ് കവർച്ച ആസൂത്രണം ചെയ്തതെന്നു പോലീസ് പറഞ്ഞു. സതീഷ് ഫോണിൽ സംസാരിക്കുന്നതു കാമറയിൽ പതിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്.
മണ്ണുത്തിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇരുവരും. പഴക്കച്ചവടത്തിനായി മെഹ്റൂഫ് സഹോദരഭാര്യയുടെ സ്വർണം പണയം വച്ചിരുന്നു. ഇതെടുത്തു കൊടുക്കാൻ വീട്ടുകാരുടെ ഭാഗത്തുനിന്നും കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. ഇതിനുവേണ്ടിയാണ് കവർച്ച നടത്താൻ ആസൂത്രണം ചെയ്തതെന്നു മെഹ്റൂഫ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കവർച്ച നടത്തിയ ദിവസം രാത്രി ഒന്നരയോടെ നഗരത്തിലെ തന്നെ മറ്റൊരു എടിഎമ്മിൽ പ്രതികൾ കയറിയെങ്കിലും സെക്യൂരിറ്റി ഗാർഡ് ടോർച്ചടിച്ചു നോക്കിയതോടെ ശ്രമത്തിൽനിന്നു പിൻവാങ്ങുകയായിരുന്നു.
തുടർന്ന് രണ്ടുമണിയോടെയാണ് കിഴക്കേകോട്ടയിലെ കനറാ ബാങ്കിന്റെ എടിഎമ്മിലെത്തിയത്. സെക്യൂരിറ്റി ഗാർഡില്ലാത്തതിനാൽ യൂട്യൂബിലൂടെ പഠിച്ച ട്രിക്കുകൾ ഇവിടെ പരീക്ഷിക്കുകയായിരുന്നു. മെഹ്റൂഫ് കന്പിപ്പാരയുമായി കൗണ്ടറിന്റെ ഉള്ളിൽ കടന്നപ്പോൾ സതീഷ് ബൈക്കിൽ പുറത്തുകാത്തുനിന്നു. 15 മിനിറ്റോളം ശ്രമിച്ചിട്ടും മെഷീന്റെ ട്രേ തുറക്കാൻ കഴിഞ്ഞില്ല.
ഇതിനിടെ പോലീസിന്റെ പട്രോളിംഗ് വാഹനവും ഇതുവഴി കടന്നുപോയി. ഈ സമയം ഒളിച്ചിരുന്ന പ്രതികൾ പോലീസ് പോയതോടെ വീണ്ടും ശ്രമം നടത്തുകയായിരുന്നു. എന്നാൽ പണമടങ്ങിയ ചെസ്റ്റ് തകർക്കാൻ കഴിയാതായതോടെ നിരാശയോടെ മടങ്ങി.എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.