തളിപ്പറമ്പ്: കവര്‍ച്ചാ ശ്രമം നടന്ന ഏഴാംമൈല്‍ ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മിലെ കാമറ പരിശോധിച്ചതില്‍ മഞ്ഞ വസ്ത്രം ധരിച്ച രണ്ടുപേരുടെ അവ്യക്ത രൂപം ലഭിച്ചു. എടിഎം മെഷീനിനകത്ത് ഘടിപ്പിച്ച കാമറ ഇന്ന് ടെക്നീഷ്യന്മാര് എത്തി അഴിച്ച് പരിശോധിക്കുമെന്ന് പ്രിന്‍സിപ്പല്‍ എസ് ഐ കെ.ദിനേശന് പറഞ്ഞു.
കാബിനിലെ കാമറയില്‍ പെയിന്റടിക്കുന്നതിന് മുമ്പ് പതിഞ്ഞ ദൃശ്യങ്ങളാണ് അവ്യക്തമായി കാണുന്നത്. ദേശീയപാതയോരത്ത് വടക്കാഞ്ചേരി റോഡിന് എതിര്‍വശത്തുള്ള എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. വളരെ ആസൂത്രിതമായിട്ടാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. 18 ന് അര്‍ധരാത്രി 12 ന് ശേഷമാണ് കവര്‍ച്ച നടത്തിയതെന്നാണ് കരുതുന്നത്. എടിഎമ്മിന് മുന്നിലെ രണ്ട് ലൈറ്റുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ അകത്തുകടന്ന് കാമറക്ക് പെയിന്റടിച്ചു.
തുടര്‍ന്ന് എടിഎമ്മിന്റെ ബോഡി കവര്‍ തകര്‍ക്കാനും ശ്രമിച്ചുവെങ്കിലും ഇതിനു സാധിക്കാതെ വന്നതുകൊണ്ടാണ് മോഷണശ്രമം ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. 18 ന് അര്‍ദ്ധരാത്രി 11.59 നാണ് ക്യാമറക്ക് പെയിന്റടിച്ച തെന്ന് മനസിലായിട്ടുണ്ട്. പുലര്‍ച്ചെ 1.49 നാണ് എടിഎമ്മില്‍ നിന്ന് അവസാനമായി പണം പിന്‍വലിച്ചതെന്നും വ്യക്തമായിട്ടുണ്ട്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ തടസമുണ്ടെന്ന് ബാങ്ക് അധികൃതര്‍ക്ക് മനസിലായതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ആറോടെ നടത്തിയ പരിശോധനനയിലാണ് കവര്‍ച്ചാ ശ്രമം ബോധ്യമായത്.
മോഷണശ്രമം നടക്കുമ്പോള്‍ ഏഴ് ലക്ഷത്തിലേറെ രൂപ എടിഎമ്മില്‍ ഉണ്ടായിരുന്നതായി ബേങ്ക് അധികൃതര്‍ പറഞ്ഞു. ബാങ്ക് അധികൃതരുടെ പരാതിയെതുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.