കടുത്തുരുത്തി: ജോസഫിന്റെ മനസും പോലീസിന്റെ ഇടപെടലും മൂലം എടിഎമ്മിൽ നിന്ന് എടുക്കുന്പോൾ നഷ്ടപ്പെട്ട പണം ഉടമയ്ക്കു തിരിച്ചു കിട്ടി. കടുത്തുരുത്തി മഠത്തിപ്പറന്പ് ചാലുങ്കര വീട്ടിൽ സുരേന്ദ്രനാണ് നഷ്ടപ്പെട്ട പണം തിരികെ കിട്ടിയത്. കഴിഞ്ഞ പത്തിന് കടുത്തുരുത്തി എസ്ബിഐയുടെ എടിഎമ്മിൽ നിന്നു പണം എടുക്കുന്പോഴാണ് ഇദേഹത്തിന് പതിനായിരം രൂപ നഷ്ടപെട്ടത്.
കാർഡ് ഇട്ട ശേഷം ഏറേ സമയം കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നതിനെ തുടർന്ന് എടിഎമ്മിൽ നിന്നിറങ്ങി സുരേന്ദ്രൻ വീട്ടിലേക്കു മടങ്ങി. സുരേന്ദ്രൻ ഇറങ്ങിയതിന് പുറകെ എടിഎമ്മിൽ കയറിയ റെയിൽവേയിൽ സുപ്രണ്ടായ മഠത്തിപ്പറന്പ് സ്വദേശി ജോസഫിന് യന്ത്രത്തിൽ നിന്നും ഈ പണം ലഭിച്ചു. ഇദ്ദേഹം പണം കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ ഏൽപിച്ചു വിവരം ധരിപ്പിക്കുകയായിരുന്നു.
തുടർന്ന് പോലീസ് പത്താം തീയതി എടിഎമ്മിൽ നിന്നു പണം എടുക്കുന്പോൾ പതിനായിരം രൂപ നഷ്ടപെട്ട ആളെ തിരക്കി ബാങ്കിലെത്തി. തുടർന്ന് ബാങ്ക് അധികൃതർ പരിശോധിച്ചപ്പോൾ നഷ്ടപെട്ട പണം സുരേന്ദ്രന്റേത് ആണെന്ന് കണ്ടെത്തി വിവരം ഇദ്ദേഹത്തെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ സുരേന്ദ്രൻ കടുത്തുരുത്തി സ്റ്റേഷനിലെത്തി എസ്ഐ അബ്ദുൾ സമദിൽ നിന്നു പണം ഏറ്റുവാങ്ങി.