കൽപ്പറ്റ: എടിഎമ്മുകളിൽ പണമില്ലാതായതോടെ ജനം ദുരിതത്തിൽ. ജില്ലയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ജനം ഒരുപോലെ ബുദ്ധിമുട്ടുകയാണ്. കൽപ്പറ്റ ടൗണിൽ സ്റ്റേറ്റ് ബാങ്ക്, കനറാ ബാങ്ക് എടിഎമ്മുകളടക്കം പ്രവർത്തിക്കാതായിട്ട് ആഴ്ചകളേറെയായി. പലയിടത്തും എടിഎമ്മുകൾ അടച്ചിട്ടിരിക്കുന്ന അവസ്ഥയാണ്. പണം പിൻവലിക്കുന്നതിനും അപ്രഖ്യാപിത നിയന്ത്രണങ്ങളായതോടെ ജനജീവിതം വീണ്ടും ദുസഹമാവുകയാണ്.
പ്രമുഖ ബാങ്കുകളുടെ എടിഎമ്മുകൾ കാലിയായത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിലും ഈ ഘട്ടത്തിൽ ന്യൂജൻ ബാങ്കുകൾ അടക്കമുള്ളവയിൽനിന്ന് പണം ലഭിച്ചിരുന്നത് ആശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ മുഴുവൻ എടിഎമ്മുകളിലും പണമില്ലാതായതോടെ അടിയന്തര ആവശ്യങ്ങൾക്കടക്കം ജനം നെട്ടോട്ടമോടുകയാണ്. ജില്ലയിലെ ബാങ്കുകൾക്ക് ആവശ്യമായ തുക റിസർവ് ബാങ്ക് വിതരണം ചെയ്യാത്തതാണ് കടുത്ത പ്രതിസന്ധിക്ക് വഴിയൊരുക്കിയത്.
നോട്ടുനിരോധനത്തിന്റെ ആഘാതത്തിൽനിന്ന് കരകയറാൻ യത്നിച്ചുകൊണ്ടിരിക്കുന്നതിനിടെ പണത്തിന്റെ വരവ് നിലച്ചത് മറ്റൊരു നോട്ട് നിരോധനത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. വ്യാപാര മേഖലയിലടക്കം ഇതിന്റെ പ്രത്യാഘാതങ്ങൾ ശക്തമാണ്. വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്കിടയിലെത്തിയ പ്രതിസന്ധി അവസാനിക്കുന്നതിന്റെ സൂചനകളൊന്നും കണ്ടുതുടങ്ങിയിട്ടുമില്ല.
വയനാട്, മലപ്പുറം ജില്ലകളിലെ ബാങ്കുകൾക്കാണ് പണത്തിന്റെ കുറഞ്ഞ വിതരണം കൂടുതൽ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. കോഴിക്കോട് മേഖലയിൽ ബാങ്കുകൾക്ക് വിതരണം ചെയ്യാനായി 15 കോടി രൂപ കഴിഞ്ഞ ദിവസം എത്തിയപ്പോൾ വയനാട് ജില്ലയിൽ വളരെ കുറഞ്ഞ അളവിലാണ് പണം ലഭിച്ചത്. വാഴ, ഇഞ്ചി തുടങ്ങിയവ കൃഷിയിറക്കുന്ന സമയത്ത് എടിഎമ്മുകൾ കാലിയായത് കർഷകരെയും വല്ലാതെ കുഴക്കുന്നുണ്ട്. വിവാഹ സീസണ് മൂർധന്യത്തിലെത്തിയ വേളയിലാണ് ഈ കുരുക്കെന്നതും ജനത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നു.