കൊച്ചി: എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിലായി രണ്ടിടത്ത് എടിഎമ്മുകളിൽ മോഷണവും മൂന്നിടത്ത് കവർച്ചാശ്രമവും നടത്തിയതിനു പിന്നിൽ ഹരിയാന സംഘമാണെന്നു സൂചന. എടിഎം മോഷണം പതിവാക്കിയ സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്ന പോലീസ് വിവിധ എടിഎമ്മുകളിൽനിന്നു ലഭിച്ച ഫിംഗർ പ്രിന്റ് പരിശോധനാ ഫലങ്ങൾ പരിശോധിച്ചുവരികയാണ്.
സംസ്ഥാനത്ത് ചെങ്ങന്നൂരും കഴക്കൂട്ടത്തും നേരത്തേ നടന്ന എടിഎം മോഷണവുമായി ഇന്നലത്തെ മോഷണത്തിന് സാമ്യമുള്ളതായാണ് അധികൃതർ നൽകുന്ന വിവരം.ഹരിയാനയിൽനിന്നുള്ള സംഘമായിരുന്നു അന്ന് കവർച്ച നടത്തിയത്. എടിഎം കുത്തിപ്പൊളിച്ചാണ് ഇവിടങ്ങളിലും മോഷണം നടത്തിയത്. സമാനരീതിയിലാണ് ഇന്നലെ നടന്ന മോഷണങ്ങളും
. അതിനാൽ ഈ സംഘത്തിനു പങ്കുള്ളതായാണ് അധികൃതരുടെ കണക്കുകൂട്ടൽ. മൂന്ന് പേരടങ്ങുന്ന സംഘമാണ് ഇന്നലത്തെ മോഷണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇവർ കേരളം വിട്ടിരിക്കാൻ സാധ്യതയുണ്ടെങ്കിലും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
വിവിധ എടിഎമ്മുകളിൽനിന്നു വിരലടയാള വിദഗ്ധർ ശേഖരിച്ച പ്രതികളുടേതെന്നു സംശയിക്കുന്നവരുടെ ഫിംഗർ പ്രിന്റ് ഫലം പോലീസ് പരിശോധിച്ചുവരികയാണ്. ഇന്നു രാവിലെയാണ് ഫിംഗർ പ്രിന്റ് ഫലം ലഭിച്ചത്. പരിശോധന പൂർത്തിയാക്കിയശേഷം ഹരിയാന പോലീസുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെ ഫിംഗർ പ്രിന്റുകൾ പരിശോധിക്കാനാണു തീരുമാനം. ഇതിലൂടെ പ്രതികളെ തിരിച്ചറിയാൻ കഴിയുമെന്നാണു അധികൃതർ കരുതുന്നത്. ഇതിനിടെ, സൈബർ സെൽ വിഭാഗത്തിന്റെ സേവനവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.
പ്രതികളുടെ മൊബൈൽ നന്പർ അടക്കമുള്ള ഏതെങ്കിലും വിവരം ലഭിക്കുമോയെന്ന് പരിശോധിക്കാനാണ് സൈബർ സെൽ അധികൃതരെ അറിയിച്ചിട്ടുള്ളത്. അതിനിടെ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെ സിസിടിവി കാമറകളും പരിശോധനയ്ക്കു വിധേയമാക്കുന്ന അധികൃതർ അന്വേഷണം ഉൗർജിതമാക്കിയതായും പറയുന്നു.
ഇന്നലെ പുലർച്ചയോടെ നടന്ന മാരത്തണ് കവർച്ചകളിൽ എറണാകുളത്ത് തൃപ്പൂണിത്തുറയ്ക്കു സമീപം ഇരുന്പനത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 25,05,200 രൂപയും കൊരട്ടി ദേശീയപാതയിൽ സർക്കാർ പ്രസിന് അടുത്തുള്ള എസ്ബിഐ എടിഎം കൗണ്ടർ തകർത്തു പത്തു ലക്ഷത്തോളം രൂപയുമാണ് കൊള്ളയടിച്ചത്.
ഇതിനുപുറമേ എറണാകുളം കളമശേരിയിലെയും കോട്ടയം ജില്ലയിലെ വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎമ്മുകളിലും കവർച്ചശ്രമം നടന്നു. വെന്പള്ളിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും മോനിപ്പള്ളിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും എടിഎമ്മുകളിലാണ് കവർച്ചശ്രമം നടന്നത്. കോട്ടയത്തുനിന്നും മോഷ്ടിച്ച മഹീന്ദ്ര പിക്കപ്പ് വാനിലായിരുന്നു പ്രതികളുടെ സഞ്ചാരം.