കിഴക്കമ്പലം: കിഴക്കമ്പലത്ത് എടിഎം തകർത്ത് കവർച്ചയ്ക്ക് ശ്രമം. പണം നഷ്ടപ്പെട്ടില്ല. ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം. ഫെഡറൽ ബാങ്ക് കിഴക്കന്പലം ശാഖയുടെ എടിഎമ്മാണ് തകർക്കാൻ ശ്രമം നടന്നത്.
മുഖം തുണി കൊണ്ട് മറച്ച് യുവാവ് കമ്പി പാരയുമായി എത്തിയാണ് പണം സൂക്ഷിക്കുന്ന എടിഎമ്മിന്റെ ട്രേയുടെ ഭാഗം തകർത്തത്. എന്നാൽ പണമടങ്ങിയ ട്രേ എടുക്കാൻ കഴിഞ്ഞില്ല. മൂന്നു മിനിറ്റോളം സമയം ഇയാൾ എടിഎമ്മിൽ തുടർന്ന് മെഷീന്റെ മറ്റു ഭാഗങ്ങളും തുറക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ പിൻ വാങ്ങുകയായിരുന്നു.
അന്ന അലൂമിനിയം കമ്പനിയുടെ മുന്നിൽ തേക്കടി-എറണാകുളം സംസ്ഥാന പാതയ്ക്ക് അഭിമുഖമായാണ് എടിഎമ്മുള്ളത്. സമീപത്തുണ്ടായിരുന്ന രണ്ട് ഫ്ലെക്സുകൾ എടുത്ത് എടിഎം കൗണ്ടറിനു മുന്നിൽ വച്ചാണ് മോഷ്ടാവ് അകത്തു കയറിയത്.
ഈ ദൃശ്യങ്ങൾ ബാങ്കിന്റെ സുരക്ഷ മോണിറ്ററിൽ ലഭിച്ചതോടെ വിവരം കുന്നത്തുനാട് പോലീസിനു കൈമാറി. ആ സമയം മോറയ്ക്കാലയിലുണ്ടായിരുന്ന നൈറ്റ് പട്രോളിംഗ് വാഹനം പാഞ്ഞെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. നീല ജീൻസും ഓറഞ്ച് കളർ ടീ ഷർട്ടുമിട്ട ഒരാളാണ് മോഷണത്തിന് എത്തിയതെന്ന് പോലീസിനു ലഭിച്ച ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
കുന്നത്തുനാട് സിഐ വി.ടി. ഷാജന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഇന്ന് പരിശോധിക്കും. വിരലടയാള, ഫോറൻസിക് വിദഗ്ദ്ധരും രാവിലെ സ്ഥലത്തെത്തുന്നുണ്ട്.