കോട്ടയം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ എടിഎം തകർത്ത് ലക്ഷങ്ങൾ കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ കോട്ടയം പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. കോട്ടയം ജില്ലയിലെ വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎം കവർച്ചാ ശ്രമം നടത്തിയത് ഇപ്പോൾ പിടിയിലായ പ്രതികളാണ്. ഇവരെക്കൂടാതെ കവർച്ചയ്ക്ക് നേതൃത്വം നല്കിയ ഏതാനും പേർ കൂടി പിടിയിലാകാനുണ്ട്.
കോട്ടയം മണിപ്പുഴയിൽ നിന്ന് പിക്ക്അപ് വാൻ തട്ടിയെടുത്ത് അതിലാണ് പ്രതികൾ എടിഎം കവർച്ചയ്ക്ക് പോയത്. ഇതു സംബന്ധിച്ച് ചിങ്ങവനം പോലീസ് രജിസ്റ്റർ ചെയ്ത കേസിലേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. കഴിഞ്ഞ ഒക്ടോബർ 11ന് രാത്രി 11.45നാണ് മണിപ്പുഴയിൽ നിന്ന് പിക്കഅപ് വാനിൽ പ്രതികൾ പോയത്. കവർച്ചയ്ക്കു ശേഷം പ്രതികൾ രക്ഷപ്പെട്ടത് മണിപ്പുഴയിൽ ഇരുചക്ര വാഹനം കൊണ്ടുവന്ന രണ്ടു ലോറികളിലാണ്.
11ന് ഉച്ചയ്ക്ക് ഒരു മണിക്കും രാത്രി എട്ടുമണിക്കും എത്തിയ ലോറികളിലാണ് പിറ്റേന്ന് പുലർച്ചെ പ്രതികൾ സ്വദേശത്തേക്ക് രക്ഷപ്പെട്ടത്. എടിഎം കുത്തുപ്പൊലിക്കാൻ ഉപയോഗിച്ച കന്പിപ്പാരയും കട്ടർ മെഷീനും അടക്കമുള്ള സാധനങ്ങൾ പിന്നീട് ലോറിയിൽ കൊണ്ടുപോവുകയായിരുന്നു. രാജസ്ഥാൻ ഭരത്പൂർ സ്വദേശി നസിംഖാൻ (24), ഹരിയാന സ്വദേശി ഹനീഫ് (37) എന്നിവരെയാണ് ഇപ്പോൾ അറസ്റ്റു ചെയ്തിരിക്കുന്നത്.
മൊത്തം എട്ടുപേരാണ് കവർച്ചാ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ പ്രധാനി പപ്പിസിംഗ് ഡൽഹിയിൽ വാഹന മോഷണത്തിന് അറസ്റ്റിലായി. ഇയാളെയും അടുത്ത ദിവസം കേരളത്തിലേക്ക് കൊണ്ടുവരും. ഇതര സംസ്ഥാനത്തു നിന്ന് ലോറിയിൽ കോട്ടയത്തെ ഷോ റൂമിലേക്ക് ഇരുചക്ര വാഹനങ്ങളുമായെത്തിയ ഡ്രൈവർമാരാണ് കവർച്ച നടത്തിയത്. നേരത്തേ നടത്തിയ ഗൂഢാലോചയെ തുടർന്നായിരുന്നു ഓപ്പറേഷൻ.
കേരളത്തിലെ വിവിധ ബാങ്കുകളുടെ എടിഎമ്മുകളുടെ സുരക്ഷാവീഴ്ച മുതലെടുത്താണ് ഈ സംഘം മാസങ്ങൾ നീണ്ട ആസൂത്രണ ങ്ങൾക്കൊടുവിൽ കവർച്ച നടത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് കോട്ടയം സൈബർ സെൽ നിതാന്തജാഗ്രതയോടെ പ്രവർത്തിച്ച് കോട്ടയം മണിപ്പുഴ മുതൽ ചാലക്കുടി വരെയുള്ള പ്രതികൾ പോയ ഇടങ്ങളിലെ അഞ്ചു ലക്ഷത്തോളം ഫോണ് കോളുകൾ പരിശോധിച്ചും 200 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചും ഇതര സംസ്ഥാനക്കാർ താമസിക്കുന്ന കേന്ദ്രങ്ങളിൽ തുടർച്ചയായ റെയ്ഡുകൾ നടത്തിയും 267 ലോഡ്ജുകൾ പരിശോധിച്ചും പ്രതികൾക്കായി ശക്തമായ തെരച്ചിലുകൾ നടത്തിയിരുന്നു.
പ്രതികളെ അന്വേഷിച്ച് സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കർണാടക സംസ്ഥാനത്തിലെ കോലാർ, ഹരിയാനയിലെ മേവട്ട്, ഡൽഹി, രാജസ്ഥാനിലെ ഭരത്പൂർ, ഉത്തർപ്രദേശിലെ മഥുര തുടങ്ങിയ പ്രദേശങ്ങളിൽ ആഴ്ചകളോളം താമസിച്ച് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിയതിനൊടുവിലാണ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.
ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെ കേരളത്തിലെത്തിച്ച് ജില്ലാ പോലീസിന്റെ അത്യാധുനിക ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്താണ് തെളിവുകൾ ശേഖരിച്ചത്. ഹിൽപാലസ് ഇൻസ്പെക്ടർ ഉത്തമദാസ്, കോട്ടയം ഈസ്റ്റ് എസ്.ഐ. റനീഷ്, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിൽപെട്ട എഎസ്ഐ. കെ.കെ. റജി, അജിത് എസ്., അനസ്, ദിനിൽ, കോട്ടയം സൈബർ സെല്ലിലെ മനോജ് കുമാർ എന്നിവരാണ് പ്രതികളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്.