തൃപ്പൂണിത്തുറ(കൊച്ചി): എടിഎം കവർച്ചാക്കേസിൽ അന്വേഷണ സംഘം രാജസ്ഥാനിൽ. കേസിൽ ഇനി പിടിയിലാകാനുള്ളവർക്കായി അന്വേഷണം പുരോഗമിക്കവേ പ്രതികൾ ഒളിത്താവളം മാറിയതായി സൂചന. ഏതാനും ദിവസംമുന്പാണ് എടിഎം കവർച്ചാക്കേസിൽ അന്വേഷണസംഘം കൊച്ചിയിൽനിന്നും രണ്ടാമതും യാത്ര തിരിച്ചത്.
രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവിടുത്തെ ലോക്കൽ പോലീസ് തിരക്കുകളിലായതിനാൽ ആദ്യ തവണത്തേതുപോലെ അന്വേഷണത്തിന് വേഗതയില്ലെന്നാണു ലഭിക്കുന്ന വിവരം. തൃപ്പൂണിത്തുറ സിഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് രാജസ്ഥാനിലെത്തിയിട്ടുള്ളത്. സംഘം ആദ്യതവണ പ്രതികളിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രധാന പ്രതിയായ പപ്പി വാഹന മോഷണക്കേസിലും എടിഎം കവർച്ച കേസിലും പിടിക്കപ്പെട്ട് ഡൽഹിയിൽ തീഹാർ ജയിലിൽ ആണ്. ഇയാളെ വിട്ടുകിട്ടുന്നതിനായി കോടതിയിൽ നേരത്തേതന്നെ അന്വേഷണസംഘം പ്രൊഡക്ഷൻ വാറന്റ് നൽകിയിരുന്നു. പിന്നീടാണ് രണ്ടു പ്രതികളായ ഹരിയാന സ്വദേശി ഹനീഫ് (37), രാജസ്ഥാൻ സ്വദേശി നസീം (24 ) എന്നിവരെ പോലീസ് പിടികൂടിയിരുന്നത്. ഇവരെ നാട്ടിലെത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി.
ലോക്കൽ പോലീസിന്റെ സഹായത്തോടെയാണു പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയിരുന്നതും രണ്ടുപേരെ പിടികൂടിയതും. ഇനി കേസിൽ അസം, അലീം, ഷെഹ്സാദ് എന്നീ മൂന്നു പ്രതികളെയാണു പിടികൂടാനുള്ളത്. ഇവർ ഒളിവിൽ കഴിയാൻ സാധ്യതകളുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം തുടരുന്നത്. എന്നാൽ, ദിവസേന പ്രതികൾ ഒളിത്താവളം മാറുന്നതായാണു അന്വേഷണ സംഘത്തിന്റെ സംശയം.
എന്നിരുന്നാലും അന്വേഷണം ഉൗർജിതമാണെന്നും കേസിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടാനാകുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ ഒക്ടോബർ 12നു പുലർച്ചെയസാണ് എടിഎം തകർത്തുള്ള മോഷണം നടന്നത്. മൂന്നു ജില്ലകളിലായി മാരത്തോണ് എടിഎം കവർച്ചയായിരുന്നു അരങ്ങേറിയത്.
ഇരുന്പനത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 25,05,200 രൂപയും കൊരട്ടി ദേശീയപാതയിൽ സർക്കാർ പ്രസിന് അടുത്തുള്ള എസ്ബിഐ എടിഎം കൗണ്ടർ തകർത്തു പത്തു ലക്ഷത്തോളം രൂപയുമാണ് കൊള്ളയടിച്ചത്. ഇതിനുപുറമേ എറണാകുളം കളമശേരിയിലെയും കോട്ടയം ജില്ലയിലെ വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎമ്മുകളിലും കവർച്ചശ്രമം നടന്നിരുന്നു.
വെന്പള്ളിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും മോനിപ്പള്ളിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും എടിഎമ്മുകളിലാണു കവർച്ചശ്രമം നടന്നത്. കോട്ടയത്തുനിന്നും മോഷ്ടിച്ച മഹീന്ദ്ര പിക്കപ്പ് വാനിലായിരുന്നു പ്രതികളുടെ സഞ്ചാരം.