‘കോട്ടയം: തൃശൂർ, എറണാകുളം ജില്ലകളിലെ എടിഎം കവർച്ചയും കോട്ടയം ജില്ലയിലെ കവർച്ചാ ശ്രമവും വൻ ആസൂത്രിതമെന്ന്് പോലീസ്. വിവിധ സ്ഥലങ്ങളിൽ ആഴ്ചകളോളം താമസിച്ച് കവർച്ച നടത്തേണ്ട സ്ഥലത്തെ രേഖാചിത്രം അടക്കം എല്ലാം തയാറാക്കിയ ശേഷമായിരുന്നു ഓപ്പറേഷൻ എന്നാണ് പോലീസിന്റെ നിഗമനം. കവർച്ചക്കാർ രണ്ടോ മൂന്നോ സ്ഥലത്ത് തന്പടിച്ചാണ് എത്തിയതെന്നും കരുതുന്നു.
മണിപ്പുഴയിൽ നിന്ന് പിക്കപ്പ് വാൻ മോഷ്ടിച്ച് പോകുന്നത് മൂന്നു പേരാണ്. എന്നാൽ കവർച്ച നടത്തിയത് ഏഴു പേരാണ് എന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായത്. അതായത് ബാക്കി നാലു പേർ കോട്ടയത്തിനും ചാലക്കുടിക്കും മധ്യേ പലയിടത്തു നിന്ന് കയറിയതാണെന്ന്് വ്യക്തം.
ഇവരൊക്കെ ആഴ്ചകളായി അതാത് സ്ഥലങ്ങളിൽ വന്ന് താമസിക്കുന്നവരായിരിക്കാം. മുൻപ് ആലപ്പുഴയിൽ നടന്ന എടിഎം കവർച്ചാ കേസിൽ പ്രതികൾ ആഴ്ചകൾക്കു മുൻപേ വന്ന് താമസിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോഴത്തെ അന്വേഷണവും നീങ്ങുന്നത്.
മണിപ്പുഴയിൽ നിന്ന് പിക്കപ്പ് വാൻ പോയത് അമിത വേഗത്തിലായിരുന്നുവെന്ന് വ്യക്തമായി. കൊരട്ടി ഭാഗത്ത് വാനിന്റെ സ്പീഡ് 93 കിലോമീറ്ററാണ്. പലയിടത്തും ഇതേ സ്പീഡിലാണ് വാഹനം പാഞ്ഞത്. ഇത് വഴിയിലുള്ള കാമറകളുടെ കണ്ണുവെട്ടിക്കാനായിരിക്കാം.
കവർച്ചയ്ക്കു ശേഷം ചാലക്കുടിയിൽ ഉപേക്ഷിച്ച പിക്ക്അപ് വാൻ സയന്റിഫിക് പരിശോധനക്കു വിധേയമാക്കി. താക്കോൽ ദ്വാരത്തിന് അയവ് ഉണ്ടെന്ന് കണ്ടെത്തി. അതായത് പഴയ താക്കോൽ ഉപയോഗിച്ചാൽ ഒരു പക്ഷേ വണ്ടി ഓടിക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ. എട്ടുവർഷത്തെ പഴക്കമുള്ളതാണ് പിക്ക്അപ് വാൻ.
സാധാരണയായി എടിഎം കൗണ്ടറുകൾ തകർക്കാൻ ശ്രമിച്ചാൽ അലർട്ട് ഉണ്ടാവേണ്ടതാണ്. ബാങ്കിന്റെ മുംബൈയിലെ ആസ്ഥാനത്തേക്കാണ് അലർട്ട് പോകുന്നത്. അവിടെ നിന്ന് അപ്പോൾ തന്നെ പോലീസിനെ അറിയിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ കവർച്ചക്കാർ രക്ഷപ്പെട്ടു പോകുന്നതിനു മുൻപേ പിടിക്കാമായിരുന്നു. അതുണ്ടായില്ല. സാധാരണ ഇത്തരം അലർട്ടുകൾ എലി കരണ്ടതാകുമെന്നു കരുതുകയാണ് പതിവ്. പിറ്റേന്ന് രാവിലെയാകും കവർച്ചക്കാര്യം അറിയുക.
കാണാതായ ബംഗാളികൾക്ക് കേസുമായി ബന്ധമില്ലെന്ന്
കോട്ടയം: തൃശൂരിൽ നിന്ന് കോട്ടയത്തേക്കു വന്ന എട്ടംഗ ബംഗാളികളിൽ മൂന്നു പേരെ എറണാകുളം, തൃശൂർ ജില്ലകളിലെ എടിഎം കവർച്ച നടന്ന ദിവസം മുതൽ കാണാതായത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി അവർക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്തമായി. കാണാതായ മൂന്നുപേരുടെ ചിത്രം ഇന്നലെ പോലീസ് സംഘടിപ്പിച്ചു.
എടിഎം കവർച്ചാ സ്ഥലത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യവുമായി ഒത്തു നോക്കിയതിൽ ഇവർക്ക് ബന്ധമില്ല എന്നാണ് കണ്ടെത്തിയത്. സിസിടിവി ദൃശ്യത്തിലുളളത് കാണാതായവരുടെ ചിത്രങ്ങളല്ല എന്നാണ് പോലീസ് പറയുന്നത്.
കാണാതായവരുടെ ഫേസ്ബുക്കിൽ നിന്നും മറ്റുമാണ് അവരുടെ ചിത്രങ്ങൾ ശേഖരിച്ചത്.
തൃശൂരിൽ നിന്ന് ദിവാൻകവലിയിൽ എത്തിയ ബംഗാളികളിൽ മൂന്നു പേർ കഴിഞ്ഞ 11ന് നാട്ടിലേക്ക് പോയി എന്നാണ് ഒപ്പമുള്ളവർ പറയുന്നത്.