കൊച്ചി: എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നടന്ന എടിഎം കവർച്ചാ കേസിൽ പിടിയിലായ മുഖ്യപ്രതി പപ്പി മിയോയെ (32) അടുത്തയാഴ്ച കൊച്ചിയിൽ എത്തിക്കും. ഇപ്പോൾ തീഹാർ ജയിലിൽ കഴിയുന്ന പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രൊഡക്ഷൻ വാറന്റ് അടുത്ത തിങ്കളാഴ്ച്ച കൈമാറും. തൃപ്പൂണിത്തുറ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വഴിയാണ് പ്രൊഡക്ഷൻ വാറന്റ് കൈമാറുന്നത്.
പ്രതിയെ ലഭിച്ചാലുടൻ വിമാന മാർഗമോ ട്രെയിൻ മാർഗമോ കൊച്ചിയിലെത്തിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന തൃപ്പൂണിത്തുറ സിഐ ടി.ഉത്തംദാസ് പറഞ്ഞു. കൊച്ചിയിലെത്തിയാൽ ആദ്യം പ്രതിയെ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ തൊട്ടടുത്ത ദിവസം തന്നെ കോടതിയിൽ നൽകും.
എറണാകുളം ഇരുന്പനത്തെ എസ്ബിഐ എടിഎമ്മിലും തൃശൂർ കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിലുമാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. ഈ എടിഎമ്മുകളിൽ നിന്നായി 36 ലക്ഷം രൂപ സംഘം കവർന്നിരുന്നു. എടിഎമ്മിൽ നിന്ന് ലഭിച്ച സിസിടിവി കാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാകും തെളിവെടുപ്പ്. മോഷണ സമയം പ്രതികൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർക്കൂടി ഹരിയാനയിൽ പിടിയിലായതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഒക്ടോബർ 12ന് പുലർച്ചെ ഇരുന്പനത്തെ എടിഎമ്മിൽനിന്നു 25 ലക്ഷം രൂപയും കൊരട്ടിയിലെ എടിഎമ്മിൽനിന്ന് 10.60 ലക്ഷം രൂപയുമാണ് ഇവർ കവർന്നത്. കൗണ്ടറിലെ രണ്ട് കാമറകളും സ്പ്രെ ചെയ്തു മറച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ അറുത്തുമാറ്റിയായിരുന്നു മോഷണം. കോട്ടയത്ത് നിന്നു മോഷ്ടിച്ച പിക്കപ്പ് വാനിലാണു കവർച്ചക്കാർ എത്തിയത്.
എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളുമായി രാജസ്ഥാൻ പോലീസിന്റെ സഹായത്തോടെയാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്. എടിഎമ്മിൽ നിന്ന് കിട്ടിയ രക്തസാന്പിളുകളും വിരലടയാളങ്ങളും വാഹനത്തിൽ നിന്ന് ലഭിച്ച മുടിയും പ്രതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിലെ ഒട്ടേറെ എടിഎം കവർച്ചാ കേസുകളിൽ പ്രതിയാണിയാൾ. ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ ഇപ്പോൾ പ്രതി തീഹാർ ജയിലിലാണ്.