തൃശൂർ: തൃശൂരിൽ മൂന്ന് എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് അരക്കോടിയിലേറെ രൂപ കവർന്നു. തൃശൂർ നഗരത്തിൽ ഷൊർണൂർ റോഡ്, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കോലഴി, ഇരിങ്ങാലക്കുടയ്ക്ക് സമീപം മാപ്രാണം എന്നിവിടങ്ങളിലെ എസ്ബിഐയുടെ എടിഎമ്മുകളാണ് തകർത്തത്. ഇന്ന് പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച.
വെള്ളനിറത്തിലുള്ള കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്താണ് പണം കവർന്നത്. മൂന്ന് എടിഎമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു. വെള്ളക്കാറിലാണ് സംഘം എത്തിയത്. എടിഎം തകര്‍ത്തതോടെ എടിഎമ്മില്‍നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമെത്തിയിരുന്നു. ഉടൻതന്നെ ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിച്ചു. രാത്രി പട്രോള്‍ നടത്തുന്ന പോലീസ് സംഘം എത്തുമ്പോഴേക്കും പ്രതികള്‍ പണവുമായി കടന്നിരുന്നു.
മാപ്രാണത്തെ എടിഎമ്മാണ് ആദ്യം കവര്‍ച്ചചെയ്യപ്പെട്ടത്. ഇവിടെനിന്ന് 30 ലക്ഷം കവര്‍ന്ന മോഷ്ടാക്കള്‍ പിന്നാലെ കോലഴിയിലെത്തി എടിഎം തകര്‍ത്ത് 25 ലക്ഷം കവര്‍ന്നു. കോലഴിയിലേക്കുള്ള യാത്രാമധ്യേ ഷൊര്‍ണൂര്‍ റോഡിലെ എടിഎം തകര്‍ത്ത് പത്തുലക്ഷത്തോളം കവര്‍ന്നു. മാപ്രാണത്തുനിന്ന് കോലഴിയിലേക്ക് 26 കിലോമീറ്ററാണ് ദൂരം. ഈ വഴിയിലാണ് ഷൊര്‍ണൂര്‍ റോഡിലെ എടിഎമ്മും സ്ഥിതി ചെയ്യുന്നത്.
കോലഴി പൂവണിയിലുള്ള എടിഎമ്മിൽ എടിഎമ്മിനു പുറമെ കാഷ് ഡെപ്പോസിറ്റ് മെഷിൻ (സിഡിഎം) കൂടിയുണ്ട്. ഇതും മോഷ്ടാക്കൾ പൊളിച്ചിട്ടുണ്ടെന്നാണ് സൂചന. ഇന്നലെ എടിഎമ്മിൽ 25 ലക്ഷം രൂപ ലോഡ് ചെയ്തിരുന്നുവെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. സിഡിഎമ്മിൽ എത്ര പേർ പൈസ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമല്ല. ഇതും കൂടി കണക്കാക്കിയാൽ മാത്രമേ കോലഴി എടിഎം കവർച്ചയിൽ എത്ര തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കൃത്യമായി അറിയാനാകൂവെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണർ, ഡിഐജി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരടക്കമുള്ളവരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിക്കും. സമീപത്തെ വർക്ക് ഷോപ്പിലുള്ള സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കോലഴിയിൽ ഇപ്പോൾ കവർച്ച നടന്ന എടിഎം കൗണ്ടറിൽ രണ്ടു വർഷം മുൻപും കവർച്ച ശ്രമം നടന്നിരുന്നു. അന്ന് ഇന്നോവ കാറിലെത്തിയവർ എടിഎം മെഷിൻ കയർ കെട്ടി വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. ഈ കേസിൽ ആരെയും പിടികൂടുകയോ വണ്ടി കണ്ടെത്തുകയോ ചെയ്തിട്ടില്ല. മോഷ്ടാക്കള്‍ക്കായി ജില്ലാ അതിര്‍ത്തികളിലടക്കം കര്‍ശന തിരച്ചില്‍ തുടരുകയാണ്.
തമിഴ്നാട്ടിൽ കഴിഞ്ഞയാഴ്ച നടന്ന,എടിഎം കവർച്ചകളുമായി സാമ്യം
വിയ്യൂർ: തൃശൂരിൽ നടന്ന മൂന്നിടങ്ങളിലേയും എടിഎം കവർച്ചകൾക്ക് കഴിഞ്ഞയാഴ്ച തമിഴ്നാട്ടിൽ നടന്ന എടിഎം കവർച്ചകളുമായി സാമ്യമേറെ. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയും വിവരം തമിഴ്നാട് പോലീസിന് കൈമാറിയിട്ടുണ്ട്.
കോലഴിയിലെ കവർച്ചയ്ക്കുശേഷം സംഘം ഷൊർണൂർ ഭാഗത്തേക്ക് പോയിരിക്കാമെന്നും സംശയമുണ്ട്.
ഇതരസംസ്ഥാന കവർച്ചാസംഘം കവർച്ച നടത്തി ഷൊർണൂർ ജംഗ്ഷനിൽ നിന്നും ട്രെയിൻ മാർഗം രക്ഷപ്പെടുന്നത് പതിവായതിനാൽ അതും പോലീസ് പരിശോധിക്കുന്നുണ്ട്.ു