തൃശൂർ: തൃശൂരിൽ മൂന്ന് എടിഎമ്മുകൾ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിൽ കേരള പോലീസ് കസ്റ്റഡിയിലെടുത്ത ഹരിയാന സ്വദേശികളായ കവർച്ച സംഘത്തെ ആന്ധ്ര പോലീസ് തൃശൂരിലെത്തി ചോദ്യംചെയ്തു. രണ്ടുമാസം മുന്പ് ആന്ധ്രയിൽ നടന്ന എടിഎം കവർച്ചകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.
ഓഗസ്റ്റ് 18ന് ആന്ധ്രയിലെ രണ്ടുഎടിഎമ്മുകളിൽ നിന്നായി 39 ലക്ഷം കവർന്ന കേസിലായിരുന്നു ആന്ധ്ര പോലീസ് ഇന്നലെ തൃശൂർ ടൗണ് ഈസ്റ്റ് സ്റ്റേഷനിൽ എത്തി കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങിയ തൃശൂർ എടിഎം കവർച്ചാ കേസിലെ അഞ്ച് പ്രതികളെ ചോദ്യം ചെയ്തത്.
ആന്ധ്രയിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ അഞ്ച് എടിഎം മുകളിൽ നിന്നായി ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ തമിഴ്നാട് പോലീസ് പിടികൂടിയ ഈ സംഘം തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്നും ആന്ധ്രയിൽ നിന്നെത്തിയ പോലീസ് സംഘം പറഞ്ഞു. ആന്ധ്രയിലെ പർവാസ, കാപ്പിൻപോട്ട സ്റ്റേഷൻ പരിധികളിലുള്ള എ.ടി.എമ്മുകളിൽ നടന്ന കവർച്ചകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടതാണ് ആന്ധ്ര പോലീസ് തൃശൂരിലെത്തിയത്.
ഈ രണ്ടിടങ്ങളിലെ ഒരു എടിഎമ്മിൽ നിന്ന് 19 ലക്ഷവും മറ്റൊന്നിൽനിന്ന് 29 ലക്ഷവുമാണ് കവർന്നത്. തൃശൂരിൽ ഒന്നര മണിക്കൂറുകൾക്കുള്ളിൽ മൂന്നു എടിഎമ്മുകൾ തകർത്ത് 69 ലക്ഷത്തിലധികം രൂപയാണ് ഹരിയാന സ്വദേശികളായ പ്രതികൾ കവർന്നത്. പണവുമായി രക്ഷപ്പെടുന്നതിനിടെ തമിഴ്നാട്ടിലെ നാമക്കലിൽ വച്ച് തമിഴ്നാട് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികൾ പിടിയിലായത്.
ഏറ്റുമുട്ടലിൽ കവർച്ചാ സംഘത്തിലെ ഒരാൾ കൊല്ലപ്പെടുകയും ഒരാൾ പരിക്കേറ്റ് ആശുപത്രിയിലുമാണ്. പിടിയിലായ എടിഎം കവർച്ചാ സംഘത്തെ തേടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സംഘങ്ങൾ തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പല എടിഎം കവർച്ചകളിലും പിടിയിലായ ഈ സംഘത്തിന് പങ്കുണ്ടെന്നാണ് വിവരം.
സംഘത്തെ ആദ്യം ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകൊടുത്തത് തൃശൂർ ഈസ്റ്റ് പോലീസിനാണ്. കസ്റ്റഡിയിൽ വിട്ടുകിട്ടിയ സംഘത്തെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും കഴിഞ്ഞ ദിവസം നടത്തുകയും ചെയ്തിരുന്നു. അഞ്ചുദിവസത്തേക്കാണ് ഇവരെ കേരള പോലീസിന് കസ്റ്റഡിയിൽ കിട്ടിയിട്ടുള്ളത്.
- സ്വന്തം ലേഖകൻ