കോട്ടയം: കൊച്ചിയിലും കൊരട്ടിയിലും എടിഎം കവർച്ച നടത്തിയ സംഘം കോട്ടയത്തുനിന്നും പുറപ്പെട്ടത് വെറും കൈയോടെയെന്നു സൂചന. കോടിമതയിലെ റോഡ് സൈഡിൽ പാർക്കുചെയ്തിരുന്ന പിക്ക് അപ്പ് വാൻ മോഷ്ടിച്ചാണു സംഘം കോട്ടയത്തുനിന്നും യാത്ര തിരിച്ചത്. മൂവരും റോഡിൽ പാർക്കു ചെയ്തിരുന്ന വാൻ എടുക്കാനായി നടന്നുവരുന്നത് വെറും കൈയോടെയാണ്.
ഈ സമയം ഇവരുടെ കൈയിൽ ബാഗുകളോ മറ്റു സാധനങ്ങളോ ഇല്ലാതിരുന്നതിനാൽ എടിഎം മെഷീൻ തകർക്കുന്നതിനുള്ള ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള സാധനങ്ങൾ ഇവർ കൈയിൽ കരുതിയിരുന്നില്ലെന്നാണു പോലീസ് കരുതുന്നത്. കോട്ടയത്തുനിന്നും പുറപ്പെട്ട സംഘം ആദ്യ മോഷണശ്രമം നടത്തിയതു വെന്പള്ളിയിൽ എടിഎമ്മിലാണ്. വെള്ളിയാഴ്ച പുലർച്ചെ 1.10നാണു മോഷണശ്രമം നടന്നിരിക്കുന്നത്.
കോടിമതയിൽനിന്നും 11.45നു വാനുമായി പുറപ്പെട്ട സംഘം വെന്പള്ളിയിൽ എത്താൻ ഇത്രയും സമയം വേണ്ടിവരില്ല. അതിനാൽ തന്നെ ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള എടിഎം മെഷീൻ തകർക്കുന്നതിനാവശ്യമായ സാധന സാമഗ്രികൾ സംഘം കോടിമതയ്ക്കും വെന്പള്ളിക്കും ഇടയിലുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്നുവെന്നാണ് പോലീസ് സംഘം സംശയിക്കുന്നത്.
വെന്പള്ളിയിലെ എടിഎം കവർച്ചാശ്രമത്തിനുശേഷം ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ 1.35നു തന്നെ മോനിപ്പള്ളിയിലെ എടിഎം കൗണ്ടറിലും കവർച്ച ശ്രമം നടത്തി. ഇന്നലെ തന്നെ കോട്ടയം, കൊച്ചി, തൃശൂർ തുടങ്ങിയ ജില്ലകളിലെ വിവിധ കടകളിൽനിന്നും ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു.