തൊടുപുഴ: വണ്ണപ്പുറത്ത് എടിഎമ്മിൽ കവർച്ചാ ശ്രമം നടത്തിയ കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പോലീസിനു മൂന്നു പേരുടെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
ഇതിൽ രണ്ടു പേരാണ് പോലീസ് പിടിയിലായിരിക്കുന്നതെന്നാണ് സൂചന. വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനു സമീപമുള്ള എസ്ബിഐ എടിഎമ്മിലാണ് ഞായറാഴ്ച രാത്രി കവർച്ചാശ്രമം നടന്നത്.
ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് സിസിടിവി കാമറ മറയ്ക്കാനുള്ള ശ്രമവും മോഷ്ടാക്കൾ നടത്തിയിരുന്നു. ഇന്നലെ രാവിലെ എടിഎമ്മിൽ നിന്നു പണം പിൻവലിക്കാനെത്തിയ ഉപഭോക്താവാണ് കവർച്ചാശ്രമത്തെ സംബന്ധിച്ചുള്ള വിവരം പോലീസിൽ അറിയിച്ചത്.
തുടർന്ന് കാളിയാർ പോലീസ് സ്ഥലത്തെത്തി ബാങ്ക് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ഇവരെത്തി പരിശോധന നടത്തിയതോടെ എടിഎമ്മിന്റെ പൂട്ട് തകർത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. കവർച്ചക്കാർ മുഖം മൂടി ധരിച്ചാണ് അകത്തു പ്രവേശിച്ചതെന്ന് സിസിടിവി ദൃശ്യത്തിലുണ്ട്.
സംഘത്തിൽ അഞ്ചു പേരുള്ളതായാണ് കാളിയാർ പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. രണ്ടു പേർ അകത്തു കയറുകയും മൂന്നു പേർ പുറത്ത് സഹായികളായും ഉണ്ടായിരുന്നതായാണ് വിവരം. പൂട്ടു പൊളിക്കാനുപയോഗിച്ച കന്പിയും ടൂത്തു പേസ്റ്റിന്റെ കവറും പോലീസ് സമീപത്തു നിന്നും കണ്ടെടുത്തിരുന്നു.
ഇടുക്കിയിൽ നിന്ന് ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. കാളിയാർ സിഐ ബി.പങ്കജാക്ഷൻ, എസ്ഐ വി.സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.