എം.സുരേഷ്ബാബു.
തിരുവനന്തപുരം: കഴക്കൂട്ടത്തേത് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ എടിഎം കൗണ്ടറുകൾ കവർച്ച ചെയ്ത കേസുകളിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. ചെങ്ങന്നൂർ സ്വദേശി സുരേഷ് (44) ആണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തും. ആലപ്പുഴ എസ്പിയുടെയും കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ എ.പ്രമോദ്കുമാറിന്റെയും നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ചെങ്ങന്നൂർ സ്വദേശിയായ സുരേഷ് ഏറെ വർഷങ്ങളായി ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇൻവെർട്ടർ മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാൾക്ക് കേരളവുമായി ബന്ധം കുറവായിരുന്നു. ഹരിയാനയിലെ ഉൾപ്പെടെ എടിഎം കവർച്ച നടത്തുന്ന സംഘവുമായി സുരേഷിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ഉപയോഗിച്ച് അവിടെ നിന്നെത്തിച്ച അന്തർ സംസ്ഥാന മോഷണ സംഘമാണ് എടിഎം കവർച്ച നടത്തിയതെന്ന് പോലീസിന്റെ അന്വേഷണത്തിൽ തെളിയുകയായിരുന്നു.
ആറ് പേരടങ്ങുന്ന സംഘമാണ് എടിഎം കവർച്ച നടത്തിയതെന്ന് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആലപ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് വിവരം വാർത്താസമ്മേളനം വിളിച്ച് ആലപ്പുഴ എസ്പി ഇന്ന് അറിയിക്കും. ലക്നൗ, ഡൽഹി എന്നിവിടങ്ങളിൽ എടിഎം കവർച്ചകൾ ഈ സംഘം നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
കഴക്കൂട്ടത്ത് കവർച്ച നടത്തിയ ദിവസം ആലപ്പുഴ ജില്ലയിലെ മൂന്ന് എടിഎമ്മുകളിൽ ഈ സംഘം കവർച്ച നടത്തിയിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കഴക്കൂട്ടത്തെ എടിഎം കവർച്ച അന്വേഷണം ഉൗർജിതമാക്കുകയും സംസ്ഥാനത്ത് എടിഎം കവർച്ച നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും ദേശീയപാതകളിലെ സിസിടിവി കാമറ ദൃ്ശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയിലേക്ക് എത്താൻ പോലീസിന് സാധിച്ചത്. സുരേഷിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിലാണ് മോഷണ സംഘം സഞ്ചരിച്ചിരുന്നത്.
എയർപോർട്ട് അതോറിറ്റിയുടെ ഒരു വാഹനത്തിന്റെ വ്യാജനന്പർ പതിച്ചാണ് വാഹനം ഓടിയിരുന്നത്. വാളയാർ ചെക്ക് പോസ്റ്റ് എത്തിയപ്പോൾ ഡൽഹി രജിസ്ട്രേഷൻ നന്പർ പതിപ്പിച്ചാണ് ഇന്നോവ കാർ സഞ്ചരിച്ചതെന്ന് പോലീസിന് ലഭിച്ച നിരീക്ഷണ കാമറ ദൃശ്യങ്ങളിൽ നിന്നും തെളിവ് ലഭിച്ചിരുന്നു. മുഖ്യപ്രതി സുരേഷിന്റെ കൂട്ടാളികൾക്ക് വേണ്ടി വിവിധ സ്ഥലങ്ങളിൽ പോലീസ് സംഘം അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. 14. ലക്ഷത്തോളം രൂപയാണ് കഴക്കൂട്ടത്തും നിന്നും ആലപ്പുഴയിൽ നിന്നും പ്രതികൾ കവർച്ച നടത്തിയത്.