വാഴക്കുളം: എടിഎം കവർച്ചാ ശ്രമത്തിൽ പിടിയിലായ ആസാം സ്വദേശി ജഹുറുൽ ഇസ്ലാമിനെ (19) ആറു മാസം തടവിന് കോടതി ശിക്ഷിച്ചു. റിമാൻഡ് കാലാവധി അവസാനിക്കുന്നതിനു മുമ്പുതന്നെ പോലീസ് കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചിരുന്നു. കാലാവധി അവസാനിക്കുന്ന ഇന്നലെ മുവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. ഇയാൾക്കൊപ്പമുള്ള മറ്റു നാലു പ്രതികളെയും കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്.
കല്ലൂര്‍ക്കാട് കവലയിൽ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎം കൗണ്ടറില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റ് 22ന് രാത്രിയാണ് എടിഎം മെഷീന് ഇളക്കി എടുത്ത് പുറത്ത് കൊണ്ടുപോയി മോഷണ ശ്രമം നടത്തിയത്. മോഷണശ്രമം നടന്ന ഉടന്‍ തന്നെ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ ഡിവൈഎസ്പി കെ. അനിൽകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയതില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വാഴക്കുളം എസ്ഐ വി. വിനു, എഎസ്ഐ കെ.കെ. രാജേഷ്, മാത്യു അഗസ്റ്റിന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജെ. അനില്‍കുമാർ എന്നിവര്‍ പരിസര പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലില്‍ പ്രതികളെക്കുറിച്ചുള്ള നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്ന് പ്രതികള്‍ ആസാം സ്വദേശികളാണെന്ന് തിരിച്ചറിയുകയും ചെയ്തു.
മുഖ്യപ്രതി തൃശൂര്‍ ആനമല, എറണാകുളം വെങ്ങോല, വാഴക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചിരുന്നതായും മോഷണം നടത്തിയ അന്ന് തന്നെ ട്രയിനില്‍ ആസാമിന് പോയതായും വിവരം ലഭിച്ചു. പ്രതികള്‍ പെരുമ്പാവൂരിലുള്ള മൊബൈല്‍ കടയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിന്റേയും മോഷണത്തിന് ഉപയോഗിക്കുന്നതിനുള്ള ആയുധങ്ങൾ വാങ്ങിയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. 5 പ്രതികള്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് തെളിയുകയും ചെയ്തു.
കേസിന്റെ അന്വേഷണത്തില്‍ സൈബര്‍ സെല്ലിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. വാഴക്കുളം എസ്ഐ വിനു.വി, എഎസ്ഐ രാജേഷ്.കെ.കെ, സിവില്‍ പോലീസ് ഓഫീസര്‍ വര്‍ഗീസ് ടി. വേണാട്ട് എന്നിവരെ ആസാമിന് അയക്കുകയും ആസാമില്‍ നിന്നും മുഖ്യപ്രതിയായ ജഹുറുല്‍ ഇസ്ലാമിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.