മാവേലിക്കര: മാവേലിക്കര ഐഡിബിഐ ബാങ്ക് കവർച്ചാ ശ്രമത്തിൽ പിടിയിലായ അന്പലപ്പുഴ പനയ്ക്കൽ പുരയ്ക്കൽ വീട്ടിൽ ബിബിൻ ജോണ്സണ്(21), കരുമാടി പടിഞ്ഞാറെ മുറി, മോടിയിൽ വീട്ടിൽ ആഷിഖ്(18), അന്പലപ്പുഴ കക്കാഴം ഗോകുൽ നിവാസിൽ ഗോകുൽ(18) എന്നിവർ കവർച്ചയ്ക്കൊരുങ്ങിയ അത്യാധുനിക രീതിയിൽ. മലയാളത്തിൽ എടിഎം മോഷണവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സംഘം മോഷണത്തെ തൊഴിലാക്കാൻ തീരുമാനിച്ചത്. സ്ഥിരമായി ഇത്തരത്തിലുള്ള സിനിമകൾ ഇവർ വീക്ഷിച്ചുവന്നിരുന്നു.
ഇതിൽ നിന്നും ഏറെ പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും പ്രതികൾ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ലേസർ അണ്ലോക്കിംഗ് മെഷീനും അതിന്റെ ടെക്നോളജിയും വാങ്ങുകയെന്നാതായിരുന്നു സംഘത്തിന്റെ അടുത്ത ലക്ഷ്യം. 18 വയസുകാരനായ ആഷിഖ് ആയിരുന്നു സംഘ തലവൻ. ഇലക്ട്രോണിക്സ് പഠിച്ച ഇയാളായിരുന്നു മോഷണങ്ങളുടെ രൂപരേഖകൾ തയാറാക്കിയിരുന്നത്.
ഇതിനായി ഗൂഗിളിന്റെ സഹായവും ഇവർ തേടിയിരുന്നു. മൊബൈൽ ഫോണുകളിലുള്ള ഇവരുടെ സെർച്ച് ഹിസ്റ്ററിയിൽ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. അത്യാധുനികമായ കവർച്ചാ രീതികൾ പഠിക്കാനായിരുന്നു സംഘം ഇന്റർനെറ്റിനെ ഉപയോഗിച്ചുകൊണ്ടിരുന്നത്.
എട്ടുലക്ഷം രൂപ വിലവരുന്ന ലേസർ മെഷിൻ ഉപയോഗിച്ച് എടിമ്മുകളുടെ പൂട്ടുകൾ വേഗത്തിൽ തുറക്കാനാകും ഈ സാങ്കേതിക വിദ്യ കൈവശമുള്ള ബാംഗളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ നിന്ന് ഇത് വാങ്ങാനുള്ള സംവിധാനങ്ങൾ ഒരുക്കവെയാണ് പ്രതികൾ പോലീസിന്റെ പിടിയിലാകുന്നത്.
നാലു വർഷമായി മോഷണങ്ങൾ നടത്തിയിരുന്ന സംഘം ഒരിക്കൽ പോലും പോലീസിന്റെ പിടിയിലായിട്ടില്ല. പിടിയിൽ ആയിട്ടില്ലായിരുന്നുവെങ്കിൽ ഹൈടെക് ടെക്നോളജികൾ ഉപയോഗിച്ച് വിദേശങ്ങളിൽ നിന്നും മാത്രം കേൾക്കുന്ന മോഷണ കഥകൾ നേരിട്ടു കാണാൻ സാധിക്കുമായിരുന്നെന്നും അതിനുള്ള പല സജീകരണങ്ങളും പ്രതികൾ തയാറാക്കിയിരുന്നതായും പോലീസ് പറയുന്നു.