പിറവം: പിറവത്ത് ഇന്നു പുലർച്ചെ എടിഎം കവർച്ചാ ശ്രമം. ഇതര സംസ്ഥാനക്കാരനായ പ്രതിയെ പോലീസ് പിടികൂടി. ഐബി ജംഗ്ഷന് സമീപമുള്ള പഞ്ചാബ് നാഷ്ണൽ ബാങ്കിന്റെ ശാഖയിലെ എടിഎമ്മിലാണ് ഇന്ന് പുലർച്ചെ രണ്ടോടെ കവർച്ചാ ശ്രമമുണ്ടായത്. ആസാം സ്വദേശി ബിൽദൻ ഹുസൈൻ (26)ആണ് പിടിയിലായത്.
ബാങ്കിന്റെ മുന്നിലായി ഉൾവശത്ത് സെക്യുരിറ്റി ഇല്ലാത എംടിഎം കൗണ്ടറിനുള്ളിൽ പ്രവേശിച്ച് കന്പി ഉപയോഗിച്ച് തിക്കിത്തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസെത്തി പിടികൂടിയത്. മെഷ്യൻ തുറക്കുന്നതിനിടെ അപായ സൈറണ്‍ ബാങ്കിന്റെ മുബൈയിലുള്ള ഓഫീസിൽ മുഴങ്ങിയിരുന്നു.
ഉടനെ സിസി ടിവി പരിശോധിക്കുകയും ദൃശ്യങ്ങൾ പിറവം പോലീസിന് കൈമാറുകയുമായിരുന്നു. പുലർച്ചെ മൂന്നോടെ പോലീസെത്തി കൈയോടെ പിടികൂടി. പ്രതി പിറവത്ത് കെട്ടിട നിർമാണത്തിന് സഹായിയായി ജോലി ചെയ്തുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആസാം സ്വദേശികളായ മറ്റു ചിലരോടൊപ്പമാണ് ഇവിടെ താമസിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണന്ന് പിറവം സിഐ കെ. ശിവൻകുട്ടി പറഞ്ഞു.