കൊച്ചി: എറണാകുളം, തൃശൂർ ജില്ലകളിലെ രണ്ടു എടിഎമ്മുകളിൽ നിന്നായി 35 ലക്ഷത്തോളം രൂപ കവർച്ച ചെയ്ത സംഭവത്തിൽ അന്വേഷണം എങ്ങുമെത്താതെ ഇഴയുന്നു. മോഷണം നടന്ന് ദിവസങ്ങൾ പിന്നിടുന്പോഴും അന്വേഷണം ഒട്ടും മുന്നോട്ടു പോയിട്ടില്ല.
ചാലക്കുടിയിൽ മോഷ്ടാക്കൾ ഉപേക്ഷിച്ചു പോയ പിക്കപ്പ് വാനും എടിഎമ്മിലെ കാമറയിൽ കണ്ട ചിത്രവും മാത്രമാണ് പോലീസിന് ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകൾ. കോട്ടയം ജില്ലയിലും മോഷണശ്രമം നടന്നിരുന്നു. അന്വേഷണം കൂടുതൽ ഉൗർജിതമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ എറണാകുളത്തെയും കോട്ടയത്തെയും തൃശൂരിലെയും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയിൽ ചേർന്നിരുന്നു. മൂന്നു ജില്ലകളെയും ഏകോപിപ്പിച്ച് ഒരു സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് യോഗത്തിൽ തീരുമാനം.
ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും സ്ക്വാഡ് പ്രവർത്തിക്കുക. എറണാകളം, കോട്ടയം, തൃശൂർ ജില്ലകളിലെ ഉദ്യോഗസ്ഥരെ സ്ക്വാഡിൽ ഉൾപ്പെടുത്തും. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ എടിഎം തകർത്ത് കവർച്ച നടത്തിയ കേസുകളിലെ വിശദാംശങ്ങൾ ശേഖരിക്കാനും യോഗത്തിൽ തീരുമാനിച്ചു.