കൊച്ചി: തൃപ്പൂണിത്തുറയ്ക്കു സമീപം ഇരുന്പനത്ത് എയർപോർട്ട്-സീപോർട്ട് റോഡിൽ പുതിയ റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എടിഎം തകർത്ത് 25 ലക്ഷം രൂപ കവർന്ന കേസിൽ പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം. ഹരിയാന, ഗുജറാത്ത് അതിർത്തി പ്രദേശങ്ങളിൽ തങ്ങുന്ന അന്വേഷണ സംഘം പ്രതികൾ താമസിച്ചുവരുന്ന പ്രദേശം തിരിച്ചറിഞ്ഞതായും ഇവരെ കുടുക്കിയെന്നുമാണു ലഭിക്കുന്ന വിവരം.
ഹരിയാന, ഗുജറാത്ത് സ്വദേശികളായ അഞ്ച് പേരാണ് മോഷണത്തിനു പിന്നിലെന്ന് പോലീസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ മൂന്നുപേരാണു നേരിട്ട് മോഷണത്തിൽ പങ്കെടുത്തത്. രണ്ടുപേർ സഹായികളായിരുന്നു. വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു വൻ കവർച്ച നടത്തുന്ന സംഘത്തിലെ കണ്ണികളായ ഇവർക്ക് രാജസ്ഥാനിലും വേരുകളുണ്ട്. ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണു പ്രതികൾ താമസിച്ചുവരുന്ന പ്രദേശം പോലീസിനു തിരിച്ചറിയാൻ കഴിഞ്ഞത്. അതാത് പ്രദേശങ്ങളിലെ പോലീസുകാരുടെ സഹായത്തോടെയാണു പരിശോധന നടത്തിവരുന്നത്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു. കൊരട്ടിയിലെ എടിഎം കവർച്ചയ്ക്കു പിന്നിലും ഇതേ സംഘം തന്നെയാണെന്നാണു പോലീസിന്റെ നിഗമനം. കഴിഞ്ഞ ഒക്ടോബർ 12നു പുലർച്ചെയാണ് എടിഎം തകർത്ത് പണം കവർന്നത്. മൂന്നു ജില്ലകളിലായി മാരത്തോണ് എടിഎം കവർച്ചയായിരുന്നു അരങ്ങേറിയത്.
ഇരുന്പനത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 25,05,200 രൂപയും കൊരട്ടി ദേശീയപാതയിൽ സർക്കാർ പ്രസിന് അടുത്തുള്ള എസ്ബിഐ എടിഎം കൗണ്ടർ തകർത്തു പത്തു ലക്ഷത്തോളം രൂപയുമാണ് കൊള്ളയടിച്ചത്. ഇതിനുപുറമേ എറണാകുളം കളമശേരിയിലെയും കോട്ടയം ജില്ലയിലെ വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎമ്മുകളിലും കവർച്ചശ്രമം നടന്നിരുന്നു. വെന്പള്ളിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും മോനിപ്പള്ളിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും എടിഎമ്മുകളിലാണു കവർച്ചശ്രമം നടന്നത്.
കോട്ടയത്തുനിന്നും മോഷ്ടിച്ച മഹീന്ദ്ര പിക്കപ്പ് വാനിലായിരുന്നു പ്രതികളുടെ സഞ്ചാരം. കോട്ടയം വെന്പള്ളിയിൽ പുലർച്ചെ 1.10നും മോനിപ്പള്ളിയിൽ 1.35നും എറണാകുളം ഇരുന്പനത്ത് എയർപോർട്ട്-സീപോർട്ട് റോഡിൽ പുതിയ റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എടിഎമ്മിൽ പുലർച്ചെ 3.24 നും കളമശേരി എച്ച്എംടി റോഡിലുള്ള എടിഎമ്മിൽ പുലർച്ചെ 3.50 നും തൃശൂർ കൊരട്ടിയിൽ 4.45നുമാണ് തസ്ക്കരർ എത്തിയത്.
വിവിധ എടിഎമ്മുകളിൽനിന്നു ലഭിച്ച ഫിംഗർ പ്രിന്റ് പരിശോധനാ ഫലങ്ങൾ പരിശോധിച്ച പോലീസ് നേരത്തേ സംസ്ഥാനത്ത് ചെങ്ങന്നൂരും കഴക്കൂട്ടത്തും നടന്ന എടിഎം മോഷണവുമായി ഈ മോഷണങ്ങൾക്ക് സാമ്യമുള്ളതായി കണ്ടെത്തിയിരുന്നു. ഹരിയാനയിൽനിന്നുള്ള സംഘമായിരുന്നു അന്നും കവർച്ച നടത്തിയിരുന്നത്.