കൊച്ചി: തേവരയിൽ എസ്ബിഐയുടെ എടിഎം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിക്കാതെ പോലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പുറത്തുവിട്ടെങ്കിലും ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണു അധികൃതർ പറയുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനോടകം നിരവധിപേരെ ചോദ്യം ചെയ്തെങ്കിലും ഇവർക്ക് സംഭവുമായി ബന്ധമില്ലെന്നു സൗത്ത് എസ്ഐ എസ്. ദ്വിജേഷ് പറഞ്ഞു. അതേസമയം, കൊച്ചി നിവാസിയായ ഒരാളെ സംശയിക്കുന്നതായും ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. ഇയാൾ നിലവിൽ ഒളിവിലാണെന്ന വിവരമാണു അധികൃതർ നൽകുന്നത്.
ഇയാളെ പിടികൂടി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനും ഉച്ചക്കുശേഷം മൂന്നിനും ഇടയിലാണ് തേവര സേക്രഡ് ഹാർട്ട് കോളജിനു സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടിഎം തകർക്കാൻ ശ്രമമുണ്ടായത്.
ബാങ്കിലെ മാനേജരാണു വിവരം പോലീസിനെ വിളിച്ചറിയിച്ചത്. സംഭവത്തിൽ മോഷണ ശ്രമം നടന്നിട്ടില്ലെന്നാണു പോലീസിന്റെ പരിശോധനയിൽനിന്നു വ്യക്തമായിരുന്നത്. എടിഎം മെഷീൻ തകർക്കുകയും എസിയും മറ്റും പുറത്തേക്ക് എറിഞ്ഞ നിലയിലുമായിരുന്നു. എടിഎമ്മിന്റെ മുകൾഭാഗത്തെ സീലിംഗും തകർത്തിരുന്നു.
പണം ലഭിക്കാത്ത ദേഷ്യത്തിനോ മറ്റോ ചെയ്തതാകാമെന്നാണു പോലീസ് കരുതുന്നത്. കഴിഞ്ഞ ദിവസമാണു പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടത്. എടിഎം മെഷീനും മറ്റും തകർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണു പോലീസിന് ലഭിച്ചത്. കണ്ടാൽ ചെറിയ തോതിൽ മാനസീക പ്രശ്നമുള്ളയാളാണോയെന്നു സംശയം തോന്നുന്ന രീതിയിലാണ് ഇയാളുടെ പ്രവൃത്തികളെന്ന് എസ്ഐ പറഞ്ഞു.